പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ചിത്രം വെച്ച് വ്യാജ അക്കൗണ്ട്; തട്ടിപ്പിന് ശ്രമിച്ചവരെ കണ്ടെത്താന്‍ പോലീസ്

 


പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി അജിത്തിന്‍റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഓൺലൈൻ വഴി തട്ടിപ്പിന് ശ്രമിച്ചവരെ കണ്ടെത്താൻ സൈബർ പോലീസ് അന്വേഷണം തുടങ്ങി. പത്തനംതിട്ട ജില്ലാ പോലീസ് ചീഫ് എന്ന പേരിൽ വി അജിത്തിന്‍റെ ഔദ്യോഗിക ചിത്രം ഉൾപ്പടെ വാട്‌സാപ്പ് അക്കൗണ്ട് നിര്‍മിച്ച്‌ പണം തട്ടാനാണ് ശ്രമം നടന്നത്. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി വി അജിത്തിന്‍റെ പരാതിയില്‍ പത്തനംതിട്ട സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിനോട് ആയിരുന്നു വാട്സ്ആപ്പ് അക്കൗണ്ട് നിർമിച്ച് ആദ്യം പണം ആവശ്യപ്പെട്ടത്. അദ്ദേഹം ഉടൻ തന്നെ ചീഫുമായി ബന്ധപ്പെട്ടു. ഇതോടെ സംഭവം വ്യാജമെന്ന് കണ്ടെത്തുകയും എസ്പി നടപടികളിലേക്ക് നീങ്ങുകയും ചെയ്തു. എസ്പിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നാണ് പ്രതി ഫോട്ടോ എടുത്തതെന്ന് കരുതുന്നു. വാട്സാപ്പിലുടെ ജില്ലയിലെ മറ്റ് ചില പോലീസ് ഉദ്യോഗസ്ഥരോടും ഇതിനിടെ പണം ആവശ്യപ്പെട്ട് എസ്പിയുടെ പേരിൽ സന്ദേശം എത്തി. പണം ആവശ്യപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എസ്പി ഇടപെട്ട് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ഇതേതുടര്‍ന്ന്, കര്‍ണാടകയിലെ ഒരു പോലീസ് ഓഫീസറുടെ ഫോട്ടോ ഉപയോഗിച്ച്‌ പ്രതി മറ്റൊരു അക്കൗണ്ട് നിര്‍മിച്ചതായും കണ്ടെത്തി. ഉടൻ തന്നെ ഇക്കാര്യം ബെംഗളൂരു പോലീസ് കമീഷണറെ എസ്പി അറിയിച്ചിട്ടുണ്ട്.പ്രാരംഭ അന്വേഷണത്തെ തുടർന്ന് ആന്ധ്ര ഗുണ്ടൂര്‍ സ്വദേശി പഗുലു ഗോപിക്കെതിരെ സൈബര്‍ പോലീസ് കേസെടുത്തു. പണം തട്ടാനായിരുന്നു ശ്രമമെന്ന് കരുതുന്നു. ആന്ധ്ര കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് വിവരം. അന്വേഷണം ആരംഭിച്ചതായി വി അജിത്ത് പറഞ്ഞു. ഉടൻ പ്രതിയെ കണ്ടെത്തുമെന്നാണ് സൈബർ പോലീസ് വ്യക്തമാക്കി.

Previous Post Next Post