ഗാസ യുദ്ധം; ബഹ്‌റൈനിലും കുവൈറ്റിലും പാശ്ചാത്യ ഉത്പന്ന ബഹിഷ്‌കരണം ശക്തമാവുന്നു


 

മനാമ: പലസ്തീനിലെ ഇസ്രായേല്‍ കൂട്ടുക്കുരുതിയില്‍ പ്രതിഷേധിച്ച് ഗള്‍ഫ് നാടുകളില്‍ പാശ്ചാത്യ ഉത്പന്ന ബഹിഷ്‌കരണം വ്യാപിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം ശക്തമായതോടെ അറിയപ്പെടുന്ന പാശ്ചാത്യ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ജനങ്ങള്‍ ഒഴിവാക്കുന്നതായി ബഹ്‌റൈനില്‍നിന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.കുവൈറ്റ് സിറ്റിയില്‍ 'ഇന്ന് നിങ്ങള്‍ ഒരു പലസ്തീനിയെ കൊന്നുവോ?' എന്നെഴുതിയ ബില്‍ബോഡര്‍ഡ് പ്രത്യക്ഷപ്പെട്ടു. പരാതിയെ തുടര്‍ന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ ഇത് നീക്കംചെയ്തു. ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര ഫ്രാഞ്ചൈസികളെ ബഹിഷ്‌കരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഉത്പന്ന ബഹിഷ്‌കരണ കാമ്പയിന്റെ ലക്ഷ്യം. നിരോധിത ഉത്പന്നങ്ങള്‍ തിരിച്ചറിയുന്നതിന് വെബ്‌സൈറ്റുകളും സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളും പുറത്തിറങ്ങി.പലസ്തീനിലെ ഇസ്രായേല്‍ അതിക്രമങ്ങളെ പിന്തുണയ്ക്കുന്നു എന്ന് ആരോപിച്ചാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നത്. ടിക്‌ടോകിലൂടെയും മറ്റ് സമൂഹ മാധ്യമങ്ങളിലും ഇത് സംബന്ധിച്ച പ്രചാരണം നടന്നു. യമന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളിലും ജനങ്ങള്‍ ഈ സമരമുറ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുന്നു. യമനിലെ തെരുവുകളില്‍ ബാനര്‍ പ്രചാരണത്തിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.


ബഹ്‌റൈനില്‍ ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്നത് ഏതൊക്കെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന പട്ടിക നോക്കിയ ശേഷമാണെന്ന് എഎഫ്പി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൈയില്‍ കരുതിയ ടാബ്‌ലറ്റില്‍ ബഹിഷ്‌കരിക്കേണ്ട ഉത്പന്നങ്ങളുടെ ലിസ്റ്റ് പരിശോധിക്കുന്ന വ്യക്തികളുടെ അഭിപ്രായങ്ങളും അവര്‍ പങ്കുവച്ചു. മക്‌ഡൊണാള്‍ഡ്‌സിനെതിരേ തുടങ്ങിയ പ്രതിഷേധം ഇസ്രായേലിനെ പിന്തുണയ്ക്കുന്നതായി വിശ്വസിക്കുന്ന മുഴുവന്‍ വസ്തുക്കളിലേക്കും വ്യാപിക്കുകയാണ്.പലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പശ്ചിമേഷ്യയില്‍ ആകമാനം പാശ്ചാത്യ ഉത്പന്ന ബഹിഷ്‌കരണ ആഹ്വാനം ശക്തമാണ്. ഇതിനു പകരം പ്രാദേശിക കമ്പനികളുടെ സാധനങ്ങള്‍ വാങ്ങാന്‍ പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന ആവശ്യവും ശക്തമാണ്. പല രാജ്യങ്ങളിലും പലസ്തീന്‍ അനുകൂല റാലികളും നടന്നു.
Previous Post Next Post