പള്ളിക്കത്തോട്ടിൽ മധ്യവയസ്കനെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ വാഴൂർ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ.


പള്ളിക്കത്തോട്: മധ്യവയസ്കനെ ആക്രമിച്ച്  സ്വർണ്ണമാല തട്ടിയെടുത്ത കേസിൽ ഭർത്താവിനെയും,ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ പനച്ചിക്കമുകളെൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ജിനു (32), ഇയാളുടെ ഭാര്യ രമ്യാമോൾ(30) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ജിനു ആറാം തീയതി രാവിലെ 9:30 മണിയോടുകൂടി  ഇളപ്പുങ്കൽ   ഭാഗത്തുള്ള കള്ള് ഷാപ്പിൽ വച്ച്  പള്ളിക്കത്തോട് സ്വദേശിയായ മധ്യവയസ്കനുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഇയാളെ ആക്രമിച്ച് കഴുത്തിൽ കിടന്നിരുന്ന സ്വർണമാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.  പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഒളിച്ചു താമസിച്ചിരുന്ന ഉപ്പുതറയിലുള്ള മാട്ടുതാവളം എന്ന സ്ഥലത്ത് വെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ  ഇയാൾ മോഷണമുതൽ ഭാര്യയെ ഏൽപ്പിച്ചുവെന്നും ഭാര്യ ഇത് പണയം വച്ചതായി കണ്ടെത്തുകയും തുടർന്ന്  ഭാര്യയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണ മുതൽ കാഞ്ഞിരപ്പള്ളിയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്. ഓ ഹരികൃഷ്ണൻ കെ.ബി, എസ്. ഐ ശിവപ്രസാദ്, എ.എസ്.ഐ റെജി ജോൺ, സി.പി.ഓ മാരായ മധു, ശ്രീജിത്ത് സോമൻ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.ഇയാൾക്ക് പള്ളിക്കത്തോട് സ്റ്റേഷനിൽ മോഷണവും, അടിപിടി കേസും നിലവിലുണ്ട്. കോടതിയുടെ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Previous Post Next Post