പത്തനംതിട്ടയിൽ ഗതാ​ഗത നിയന്ത്രണം; ഡ്രോൺ പറത്തരുത്ത്, ടിപ്പറിന് നിയന്ത്രണം, നാളെ പ്രാദേശിക അവധി, കൂടുതൽ വിവരങ്ങളറിയാം



പത്തനംതിട്ട: പരുമല പെരുനാളുമായി ബന്ധപ്പെട്ട് ജില്ലയിൽ ഗതാഗത നിയന്ത്രണം. തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി ഭാഗത്താണ് ഗതാഗത നിയന്ത്രണം ഏ‍പ്പെടുത്തിയിരിക്കുന്നത്. മാവേലിക്കര ഭാഗത്തേക്കുള്ള യാത്രാ ബസുകൾ മാന്നാർ തൃക്കുരട്ടി ക്ഷേത്ര ഭാഗത്ത് നിർത്തിയും തിരുവല്ല ഭാഗത്തേക്ക് പോകുന്ന ബസുകൾ പരുമല പന്നായി പാലത്തിന് സമീപം ബോട്ട് ജെട്ടി ഭാഗത്ത് നിർത്തിയും യാത്രക്കാരെ കയറ്റിയിറക്കേണ്ടതാണ്.പരുമല ജംക്‌ഷൻ വഴി ടൂറിസ്റ്റ് ബസുകൾ പള്ളിയിലേക്കു കടത്തി വിടുന്നതല്ല. തൃക്കുരട്ടി ക്ഷേത്ര ഭാഗം മുതൽ പന്നായി പാലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് ഒഴിവാക്കേണ്ടതാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പൊലീസ് നിർദേശാനുസരണം തിരുവല്ല ഭാഗത്തേയ്ക്കു പോകുന്ന വാഹനങ്ങൾ മാന്നാർ സ്റ്റോർ ജംക്‌ഷനിൽ നിന്നും കിഴക്കോട്ടു പോയി ചെങ്ങന്നൂർ വഴി തിരുവല്ലയിലേക്കു പോകേണ്ടതാണ്. പരുമല പെരുനാൾ സുരക്ഷാ ക്രമീകരങ്ങളുടെ ഭാഗമായി ഡ്രോണിനും ടിപ്പറുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി നിരവധി നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

ഡ്രോൺ പറത്തരുത്

പരുമല പള്ളിയിലും പരിസരത്തും ആണ് ഹെലിക്യാം ( ഡ്രോൺ ) നിരോധിച്ചിട്ടുള്ളത്. സുരക്ഷാ കാരണങ്ങളാൽ ആണ് തീരുമാനം.

ടിപ്പർ നിരോധിച്ചു

പരുമല പെരുന്നാളിനോടനുബന്ധിച്ച് നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ എല്ലാ തരത്തിലുമുള്ള ടിപ്പര്‍ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി എന്നീ താലൂക്കുകളിലെ റോഡുകളില്‍ നിരോധിച്ചതായി ജില്ലാ കളക്ടര്‍ എ ഷിബു അറിയിച്ചു.

ഡിസ്പെൻസറി തുറന്നു

പെരുനാളിനോടനുബന്ധിച്ചു് പരുമല സെമിനാരിയിൽ താത്ക്കാലിക ആയുർവേദ ഡിസ്പെൻസറി ആരംഭിച്ചു. സെമിനാരി മാനേജർ ഫാ. കെവി പോൾ ഉദ്ഘാടനം ചെയ്തു.

സ്കൂളുകൾക്ക് അവധി

കാതോലിക്കേറ്റ്, എംഡി സ്കൂൾസ് കോർപറേറ്റ് മാനേജ്‌മെന്റിന് കീഴിൽ വരുന്ന എല്ലാ സ്കൂളുകൾക്കും പെരുന്നാൾ ദിവസമായ രണ്ടിന് അവധി പ്രഖ്യാപിച്ചു. ഈ ദിവസത്തെ ക്ലാസുകൾ മറ്റൊരു ദിവസം ക്രമീകരിക്കണമെന്നും നിർദേശമുണ്ട്.

പ്രാദേശിക അവധി

പരുമലപ്പളളി പെരുനാള്‍ നവംബര്‍ രണ്ടിനു നടക്കുന്നതിനാല്‍ തീര്‍ഥാടകരുടെ സുരക്ഷാര്‍ഥം അന്നേ ദിവസം തിരുവല്ല താലൂക്കിനു പത്തനംതിട്ട ജില്ലാ കളക്ടര്‍ എ ഷിബു പ്രാദേശിക അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

Previous Post Next Post