കര്‍മ ഫലം വേട്ടയാടും, അതില്‍നിന്നു രക്ഷപ്പെടാനാവില്ല'; മുഖ്യമന്ത്രി രാജി വയ്ക്കണോയെന്ന ചോദ്യത്തിന് ഗവര്‍ണറുടെ മറുപടി

 

തിരുവനന്തപുരം : കണ്ണൂര്‍ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ ലീഗല്‍ അഡൈ്വസറും ഒഡിസിയുമാണ് തന്റെ അടുക്കല്‍ എത്തി വിസി പുനര്‍ നിയമനം ആവശ്യപ്പെട്ടത്. എജി ഒപ്പിടാത്ത നിയമോപദേശ കത്തും കൊണ്ടു വന്നു. 

നിങ്ങള്‍ എന്താണ് എന്നോട് ആവശ്യപ്പെടുന്നതെന്ന് താന്‍ ചോദിച്ചു. നിങ്ങള്‍ ആവശ്യപ്പെടുന്നത് ചട്ടവിരുദ്ധവും ക്രമവിരുദ്ധവുമായ കാര്യമാണെന്നും സൂചിപ്പിച്ചു. താന്‍ നേരിട്ട് എജിയോട് അഭിപ്രായം തേടി. തുടര്‍ന്ന് ഭരണ പ്രതിസന്ധി ഉണ്ടാക്കേണ്ടെന്ന് കരുതി നിയമന ഉത്തരവില്‍ ഒപ്പിടുകയായിരുന്നുവെന്നും ഗവര്‍ണര്‍ പറയുന്നു. കണ്ണൂര്‍ വിസി പുനര്‍ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചത്. 

നിങ്ങളുടെ ആവശ്യപ്രകാരമാണ് നിയമന ഉത്തരവ് നടത്തുന്നതെന്നും, ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് സമ്മര്‍ദ്ദം ചെലുത്തിയാല്‍ ചാന്‍സലര്‍ സ്ഥാനത്ത് തുടരാനില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നതായും ഗവര്‍ണര്‍ പറയുന്നു. സര്‍വകലാശാലകളില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ല എന്നതാണ് സുപ്രീംകോടതി വിധിയിലൂടെ വ്യക്തമാകുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. 

ഉന്നത വിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി ഉപകരണമാക്കുകയായിരുന്നു. ഗവര്‍ണറെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ സമ്മര്‍ദ്ദം ചെലുത്തിയത് മുഖ്യമന്ത്രിയും അഡ്വക്കേറ്റ് ജനറലുമാണ്. എന്നാല്‍ താന്‍ ആരുടേയും രാജി ആവശ്യപ്പെടുന്നില്ല. എന്നാല്‍ ധാര്‍മ്മികത എന്നത് വളരെ ഉയര്‍ന്നതാണ്. സ്ഥാനത്ത് തുടരണോ എന്നത് അവർ തീരുമാനിക്കട്ടെ. കര്‍മഫലം വേട്ടയാടുക തന്നെ ചെയ്യും. കര്‍മഫലത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
Previous Post Next Post