‘ചെലവ് ദേവസ്വം ബോർഡ് വഹിക്കണം’; ശബരിമല മണ്ഡലകാല ശുചീകരണത്തിൽ നിന്ന് സർക്കാർ പിന്മാറുന്നു



 ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന കാലത്തെ ശുചീകരണത്തിൽ നിന്ന് സർക്കാർ പിന്മാറുന്നു. ശുചീകരണത്തിന് നിയോഗിക്കുന്ന വിശുദ്ധ സേനാംഗങ്ങളുടെ വേതനം സർക്കാർ നൽകില്ല. ഈ വർഷം മുതൽ ഇതിന്റെ ചെലവ് ദേവസ്വം ബോർഡ് വഹിക്കണമെന്ന് സർക്കാർ വ്യക്തമാക്കി.ശബരിമല തീർഥാടന കാലത്ത് ശുചീകരണ ചെലവ് സർക്കാർ വഹിച്ചിരുന്നു. പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ശബരിമല സാനിറ്റേഷൻ സൊസൈറ്റിയാണ് ശുചീകരണത്തിന് നേതൃത്വം നൽകുന്നത്. എല്ലാ വർഷവും സൊസൈറ്റിയാണ് ശുചീകരണ തൊഴിലാളികളെ നിയോഗിക്കുന്നു. ഇവരുടെ വേതനം നൽകുന്നത് സർക്കാരാണ്.സാനിറ്റേഷന്‍ സൊസൈറ്റിക്ക് തുക അനുവദിക്കുകയും, ഇതു തൊളിലാളികള്‍ക്ക് നല്‍കുകയുമാണ് ചെയ്തിരുന്നത്. എന്നാൽ ഈ തീർഥാടന സീസണിൽ ശുചീകരണ തൊഴിലാളികൾക്കുള്ള വേതനം സർക്കാർ നൽകില്ല. ഇതിനുള്ള തുക തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെ നൽകണമെന്ന് സർക്കാർ വ്യക്തമാക്കി.വിശുദ്ധി സേന അംഗങ്ങളുടെ വേതനം വർധിപ്പിച്ച ഉത്തരവിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സാനിറ്റേഷൻ സൊസൈറ്റിയാകും തൊഴിലാളികളെ നിയമിക്കുകയും ശുചീകരണത്തിന് നേതൃത്വം നൽകുകയും ചെയ്യും. ശുചീകരണത്തൊഴിലാളികളുടെ ദിവസ വേതനം 450ൽ നിന്ന് 550 രൂപയാക്കി. യാത്രാബത്ത 1000 രൂപയാക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്.

Previous Post Next Post