ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ്: ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്


 


കൊച്ചി : ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവരടങ്ങിയ ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പ്രസ്താവിക്കുക. 

തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നമ്പൂതിരിയാണ് മേല്‍ശാന്തി നറുക്കെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചത്. മേല്‍ശാന്തി നറുക്കെടുപ്പ് സമയത്ത് സോപാനത്ത് ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. 

നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളില്‍ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണ് ഇട്ടിരുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ നിരീക്ഷകന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടത്തിയതെന്നും, നടപടികളെല്ലാം സുതാര്യമായിരുന്നുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. 
Previous Post Next Post