ഉത്തർപ്രദേശിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ഭായ്മാർ ഇനി ഇസ്രായേലിലേക്കോ? മാസം 1.75 ലക്ഷം രൂപ ശമ്പളം പ്രഖ്യാപിച്ച് യോഗി സർക്കാർ

 



പ്രതിമാസ ശമ്പളം 1.25 ലക്ഷം രൂപ ലഭിക്കുന്ന ജോലി… മുന്തിയ വൈറ്റ് കോളർ ജോബുകൾക്ക് മാത്രമല്ല, ഇനി സാധാരണക്കാർക്കും ഈ ശമ്പളം വാങ്ങാൻ സാധിക്കും. ഇസ്രയേലിൽ നിർമാണത്തൊഴിലാളികളായി പോകുന്നവർക്ക് ഉത്തർ പ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത ശമ്പളമാണ് ഇത്. ഇസ്രയേലിലെ നിർമാണ പ്രവർത്തനങ്ങൾക്കായി തൊഴിലാളികളെ അന്വേഷിച്ചുകൊണ്ട് ഉത്തർ പ്രദേശ് സർക്കാർ പരസ്യം ചെയ്തിട്ടുണ്ട്. മേസ്തിരി, മൈക്കാട് തുടങ്ങി നിരവധി തസ്തികകളിലേക്കാണ് ജോലി. കേന്ദ്ര സർക്കാരിന്റെ നാഷ്ണൽ സ്‌കിൽ ഡെവലപ്‌മെന്റ് മിഷന്റെ കീഴിലാണ് ഇസ്രയേലിൽ ജോലി.

പ്രതിമാസം 1,25,000 രൂപ ശമ്പളത്തിന് പുറമെ 15,000 രൂപ പ്രതിമാസ ബോണസുമുണ്ടാകും. ഈ ബോണസ് തുക എന്നാൽ ജോലി പൂർത്തിയാക്കി കാലാവധി തീർന്നാൽ മാത്രമേ ലഭിക്കുകയുള്ളു. ഇസ്രയേലിൽ ഇന്ത്യക്കാർക്ക് തൊഴിലവസരം ഒരുക്കാനായി ഇന്ത്യയും ഇസ്രയേലും ധാരണയിലെത്തിയിരുന്നു.ഇസ്രയേലിൽ പലസ്തീനികളുടെ വർക്ക് പർമിറ്റ് റദ്ദ് ചെയ്തതോടെ തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ ക്ഷണിക്കുന്നത്. വിവിധ മേഖലകളിലായി 42,000 ഇന്ത്യക്കാർക്കാണ് അവസരം. ഇതിൽ 34,000 അവസരങ്ങളുമുള്ളത് നിർമാണ മേഖലയിലാണ്.

നേരത്തെ 10,000 തൊഴിലാളികളെ തേടി ഡിസംബർ 15ന് ഹരിയാന സർക്കാരും പരസ്യം ചെയ്തിരുന്നു. നിർമാണം, വെൽഡിംഗ്, പ്ലാസ്റ്ററിംഗ് ഉൾപ്പെടെയുള്ള ജോലികൾക്ക് പ്രതിമാസം 1.55 ലക്ഷം രൂപയാണ് ഹരിയാന സർക്കാർ വാഗ്ദാനം ചെയ്തത്. 63 മാസമായിരുന്നു കോൺട്രാക്ട് കാലാവധി.

21 വയസിനും 45 വയസിനും മധ്യേ പ്രായമുള്ള, കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ളവരേയാണ് ഇസ്രയേലിലേക്കുള്ള സംഘത്തിൽ തെരഞ്ഞെടുക്കുക. എന്നാൽ സംഘർഷ മേഖലയായ ഇസ്രയേലിലേക്ക് ഇന്ത്യക്കാരെ അയക്കുന്നതിൽ പ്രതിപക്ഷം ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

Previous Post Next Post