ബ്രാൻഡിങ് നിബന്ധന പാലിച്ചില്ല: കേരളത്തിന്റെ 2044 കോടിക്കുള്ള അപേക്ഷ തള്ളി കേന്ദ്രം



തിരുവനന്തപുരം: കേരളവും കേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളിൽ കേന്ദ്ര സർക്കാരിന്റെ ബ്രാൻഡിങ് വേണമെന്നത് അടക്കമുള്ള നിബന്ധനകൾ അംഗീകരിക്കാത്തതിനെ തുടർന്ന് കേരളം നൽകിയ 2044 കോടിക്കുള്ള അപേക്ഷ നിരസിച്ച് കേന്ദ്ര സർക്കാർ. കോവിഡിനു ശേഷം സംസ്ഥാന സര്‍ക്കാരുകൾക്ക് അനുവദിക്കുന്ന മാന്ദ്യ വിരുദ്ധ പാക്കേജാണ് കേരളത്തിന് നിഷേധിച്ചിരിക്കുന്നത്.സ്വച്ഛ് ഭാരത് മിഷൻ, ആയുഷ്മാൻ ഭാരത്, നാഷണൽ ഹെൽത്ത് മിഷൻ, പോഷൻ അഭിയാൻ മിഷൻ എന്നീ പദ്ധതികളിൽ കേന്ദ്രത്തിന്റെ ബ്രാൻഡിങ് നിർബന്ധമായും ചേർക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ കേന്ദ്രവും സംസ്ഥാനവും ചേർന്ന് നടപ്പാക്കുന്ന പദ്ധതികളിൽ കേന്ദ്രത്തിന്റെ മാത്രം പേരെഴുതി വെക്കുന്നതിനോട് സംസ്ഥാന സർക്കാരിന് യോജിപ്പില്ല. ബ്രാൻഡിങ് സംബന്ധിച്ച് ലൈഫ് മിഷൻ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്രവുമായി കേരളം ഉടക്കിലാണ്. വീടിന്റെ മുകളിൽ സർക്കാർ പദ്ധതി പ്രകാരം ലഭിച്ചത് എന്നെഴുതി വെക്കുന്നത് അതിൽ താമസിക്കുന്നവരുടെ അന്തസ്സിനെ ബാധിക്കുന്ന കാര്യമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ലൈഫ് പദ്ധതിയിൽ‌ കൂടുതൽ പണം നൽകുന്ന സംസ്ഥാന സർക്കാർ പോലും ബ്രാൻഡിങ് നടത്തുന്നില്ലെന്നും കേന്ദ്രത്തെ അറിയിക്കുകയുണ്ടായി.നിരവധി പദ്ധതികളിൽ 5891 കോടി രൂപയുടെ കുടിശ്ശികയാണ് കേന്ദ്ര സർക്കാർ വരുത്തിയിരിക്കുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികളെയെല്ലാം ഇത് ബാധിക്കും. സംസ്ഥാനം ആവശ്യപ്പെട്ട തുകയിൽ 1925 കോടി രൂപയ്ക്ക് സംസ്ഥാനത്തിന് അർഹതയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബ്രാൻഡിങ് നടത്തിയാലേ പണം നൽകൂ എന്നാണ് കേന്ദ്രത്തിന്റെ തീരുമാനം.കേന്ദ്രത്തിൽ നിന്ന് വിവിധ മാർഗ്ഗങ്ങളിലൂടെ കിട്ടാനുള്ള പണം തടസ്സപ്പെട്ടിരിക്കുകയാണെന്ന കേരളത്തിന്റെ ആരോപണം നിലനിൽക്കെയാണ് പുതിയ സംഭവവികാസം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ വിവിധ പദ്ധതികൾക്കുള്ള കേന്ദ്ര ഫണ്ട് കൂടി നിലയ്ക്കുന്നത് പ്രതിസന്ധി കടുപ്പിക്കും

Previous Post Next Post