ആറും എട്ടും വയസുള്ള കുട്ടികളെ പീഡിപ്പിച്ചതായി ആരോപണം.. കൗമാരക്കാരനെ പൊലീസ് സ്റ്റേഷനിൽ നിന്ന് വലിച്ച് പുറത്തിട്ട ശേഷം തല്ലിക്കൊന്നു…


        
ചെറിയ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ പൊലീസ് പിടികൂടിയ 17 കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. പൊലീസ് സ്റ്റേഷനിൽ നിന്നും വലിച്ചിറക്കി പുറത്തിട്ട ശേഷമാണ് രോഷാകുലരായ ജനക്കൂട്ടം ഇയാളെ ആക്രമിച്ചത്. അരുണാചൽ പ്രദേശിലെ ലോവർ ദിബാങ് വാലി ജില്ലയിലെ റോയിങ്ങിലാണ് സംഭവം. അസമിൽ നിന്നും അതിഥി തൊഴിലാളിയായി അരുണാചലിൽ എത്തിയ ഇയാൾ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരുകയായിരുന്നു.

കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്ന, റോയിംഗിലെ ഒരു സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന 6 നും 8 നും ഇടയിൽ പ്രായമുള്ള ഏഴോളം പെൺകുട്ടികളെ ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. വയറുവേദനയും മറ്റ് പ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് ചില വിദ്യാർഥികളുടെ മാതാപിതാക്കൾ മക്കളെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചതോടെയാണ് പീഡനവിവരം പുറത്തായത്.

പെൺകുട്ടികളിൽ ഒരാളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച കൗമാരക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച, മറ്റ് നിരവധി പെൺകുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചതായി പ്രദേശവാസികൾക്ക് വിവരം കിട്ടിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. രോഷാകുലരായ മാതാപിതാക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചു കൂടുകയും പ്രതിഷേധിക്കുകയും ചെയ്തു.


തുടർന്ന് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ ഇവർ സ്റ്റേഷൻ ആക്രമിക്കുകയും കൗമാരക്കാരനെ വലിച്ചിഴച്ച് പുറത്തു കൊണ്ട് വരികയും ചെയ്തു. എണ്ണത്തിൽ കുറവായിരുന്ന പൊലീസുകാർക്ക് ഇത് തടയാനായില്ല. തുടർന്ന് ജനക്കൂട്ടം ആരോപണവിധേയനെ ക്രൂരമായി മർദിക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ പൊലീസ് എത്തിയപ്പോഴേക്കും ഗുരുതര പരുക്കേറ്റ ഇയാൾ മരിച്ചിരുന്നു. പീഡനത്തിനിരയായ കുട്ടികൾ പഠിക്കുന്ന സ്കൂൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടുണ്ട്.



Previous Post Next Post