ലഖ്നൗ : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ വീഡിയോ രഹസ്യമായി ഒളിക്യാമറയിൽ റെക്കോർഡ് ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. ഛത്തീസ്ഗഢ് സ്വദേശി ഭാനു പട്ടേൽ ആണ് അറസ്റ്റിലായത്. ഇയാളെ രാമജന്മഭൂമി സമുച്ചയത്തിന്റെ 10-ാം നമ്പർ ഗേറ്റിന് സമീപത്തുനിന്നാണ് പിടികൂടിയത്.
ബൈക്കിലെത്തി ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ വീഡിയോ പകർത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. അനധികൃത ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ള പ്രദേശമാണ് രാമക്ഷേത്ര പരിസരം.
രാം ജന്മഭൂമി പൊലീസ് സ്റ്റേഷനിൽ രഹസ്യാന്വേഷണ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായില്ല.