ഇൻഡിയിലേക്ക് വരാൻ എപ്പോഴെ റെഡി,പക്ഷേ മായവതിയായിരിക്കണം പ്രധാനമന്ത്രി സ്ഥാനാർത്ഥി; കോൺഗ്രസിന് കുരുക്കുമായി ബിഎസ്പി


 ന്യൂഡൽഹി : 2024 ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥിയ്ക്കായി വീണ്ടും പിടിവലി. മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ ഇൻഡിയ മുന്നണിയിൽ ചേരാൻ തയ്യാറാണെന്ന് ബിഎസ്പി വ്യക്തമാക്കി.മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ ഉത്തർപ്രദേശിൽ 60ൽ അധികം സീറ്റുകൾ കിട്ടുമെന്നും പാർട്ടി എംപി മലൂക് നാഗർ അവകാശപ്പെട്ടു.

പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മായാവതിയെ പ്രഖ്യാപിച്ചാൽ മാത്രമേ 2024ൽ ഇന്ത്യ മുന്നണിക്ക് ബിജെപിയെ തോൽപ്പിക്കാനാകൂ. 13.5 ശതമാനമാണ് ബിഎസ്പിയുടെ വോട്ട് വിഹിതമെന്നും 60 സീറ്റ് ലഭിക്കുമെന്ന് അവകാശപ്പെടുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും ബിഎസ്പി.പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു ദളിത് മുഖം വേണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നുവെങ്കിൽ മായാവതിയേക്കാൾ മികച്ച മറ്റൊരു സ്ഥാനാർത്ഥിയില്ല.തങ്ങളുടെ ചില എംഎൽഎമാരെ തട്ടിയെടുത്തതിന് മായാവതിയോട് കോൺഗ്രസ് മാപ്പ് പറയണമെന്നും മലൂക്ക് നഗർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഇൻഡി യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേര് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നിർദേശിച്ചിരുന്നു. 

സമാജ് വാദി പാർട്ടിയും പ്രധാനമന്ത്രി സ്ഥാനാർത്ഥി തങ്ങളുടെ പാർട്ടിയ്ക്ക് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സീറ്റ് വിഭജനത്തിൽ പോലും ധാരണയാകാതെ ഇൻഡി സഖ്യം അനിശ്ചിതത്വത്തിൽ നീങ്ങുമ്പോൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയ്ക്കായി അവകാശവാദം ഉന്നയിക്കുന്നത് കോൺഗ്രസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
Previous Post Next Post