മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്റെ ഭാര്യാ പിതാവിനെ പീഡനക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് പെരുവന്താനം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ കൈക്കൂലി വാങ്ങിയ സംഭവം; രണ്ട് എസ് ഐ മാർക്കും, ഒരു ഗ്രേഡ് എസ് ഐ ക്കും സസ്പെൻഷൻ




മുണ്ടക്കയം : മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ വാറന്റ് പ്രതിയുടെ വീട് കാണിച്ച് കൊടുത്തതിന്റെ പേരിൽ പൊലീസുകാരന്റെ ഭാര്യാ പിതാവിനെ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പെരുവന്താനം സ്റ്റേഷനിലെ പൊലീസുകാർ പതിനയ്യായിരം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ രണ്ട് ഗ്രേഡ്  എസ് ഐ മാരേയും, ഒരു എഎസ്ഐയേയും അന്വേഷണ വിധേയമായി ഡിഐജി പുട്ട വിമലാദിത്യ ഐപിഎസ് സസ്പെൻഡ് ചെയ്തു.


പെരുവന്താനം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ മാരായ സാലി പി ബഷീർ, പി എച്ച് ഹനീഷ്, ഗ്രേഡ് എഎസ്ഐ   ബിജു . പി ജോർജ് എന്നിവരേയാണ് സസ്പെൻഡ് ചെയ്തത്.

മുണ്ടക്കയം സ്റ്റേഷനിൽ വർഷങ്ങളായി പെൻഡിംഗ് കിടന്ന വാറന്റ് കേസിലെ പ്രതി കോരൂത്തോട് കുഴിമാവിന് സമീപം പെരുവന്താനം സ്റ്റേഷൻ പരിധിയിലുള്ള
മൂഴിക്കലിൽ താമസമുണ്ടെന്ന് മുണ്ടക്കയം സ്റ്റേഷനിലെ പൊലീസുകാരന് വിവരം ലഭിച്ചിരുന്നു.

ഇതനുസരിച്ച് പ്രദേശത്തെ താമസക്കാരനായ പൊലീസുകാരന്റെ ഭാര്യാ പിതാവിനോട് വിവരങ്ങൾ തിരക്കുകയും  വാറന്റ് പ്രതി താമസിക്കുന്ന വീട് കണ്ടെത്തുകയും മുണ്ടക്കയം പൊലീസ് ഇയാളെ പിടികൂടുകയും ചെയ്തു.

തുടർന്ന്  പ്രതിയുടെ കൂടെ താമസിച്ചിരുന്ന സ്ത്രീ പൊലീസുകാരന്റെ ഭാര്യാ പിതാവിന്റെ വീട്ടിലെത്തി അസഭ്യം പറയുകയും അടിപിടി ഉണ്ടാക്കുകയും ചെയ്തു. അടിപിടി കേസിൽ പെരുവന്താനം പൊലീസ് കേസ് എടുത്തു. 

ഇതിന് പിന്നാലെ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഈ സ്ത്രീ പൊലീസുകാരന്റെ ഭാര്യാ പിതാവ് തന്നെ കയറി പിടിച്ചെന്നും മാനഭംഗപ്പെടുത്താൻ നോക്കിയെന്നും പറഞ്ഞ് പരാതി നൽകി.  ഈ പരാതിയിലാണ് പൊലീസുകാന്റെ ഭാര്യാ പിതാവിനെ മാനഭംഗകേസിൽ കുടുക്കുമെന്ന് പറഞ്ഞ് പൊലീസുകാർ പതിനയ്യായിരം രൂപ കൈക്കൂലി വാങ്ങിയത്.
Previous Post Next Post