ലക്‌നൗ: അനന്തരവനെ പാർട്ടിയുടെ അമരക്കാനാക്കി ബിഎസ്പി അദ്ധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മായാവതി. ബിഎസ്പി നേതാവും സഹോദപുത്രനുമായ ആകാശ് ആനന്ദിനെ പുതിയ അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു. മായാവതി തന്നെയാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിലയിരുത്താൻ ബിഎസ്പി നേതൃത്വം ഇന്ന് യോഗം ചേർന്നിരുന്നു. ഇതിലാണ് പുതിയ അദ്ധ്യക്ഷൻ സംബന്ധിച്ച തീരുമാനം. നേരത്തെ തന്നെ പാർട്ടി ചില സുപ്രധാന ചുമതലകൾ ആകാശിന് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ധ്യക്ഷ സ്ഥാനം കൈമാറുന്നത്.
മായാവതിയുടെ ഏറ്റവും ചെറിയ സഹോദരനായ ആനന്ദ് കുമാറിന്റെ മകനാണ് ആകാശ് ആനന്ദ്. നിലവിൽ പാർട്ടിയുടെ നാഷണൽ കോർഡിനേറ്ററാണ് ആകാശ്. ആനന്ദ് കുമാർ പാർട്ടിയുടെ ഉപാദ്ധ്യക്ഷനാണ്.
പാർട്ടിയുടെ സ്വാധീനം കുറവുള്ള മേഖലകളിൽ ആനന്ദിന്റെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ നടക്കുകയെന്ന് ബിഎസ്പി നേതാവ് ഉദയ്‌വീർ സിംഗ് പറഞ്ഞു. യുപിയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക മായാവതിയായിരിക്കും. മറ്റ് സംസ്ഥാനങ്ങളിൽ ആനന്ദിന്റെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.