യുഎഇയില്‍ ഇത്തവണ നോമ്പിന്റെ ദൈര്‍ഘ്യം കുറയും; ആറു ദിവസം പെരുന്നാള്‍ അവധി



അബുദാബി: ഇസ്‌ലാമിക വ്രതമാസമായ പരിശുദ്ധ റമദാനിലേക്ക് ഇനി 90 നാള്‍. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് (ഐഎസിഎഡി) വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഹിജ്രി കലണ്ടര്‍ അനുസരിച്ച് റമദാന്‍ 2024 മാര്‍ച്ച് 12 ചൊവ്വാഴ്ച ആരംഭിക്കും.മാസങ്ങളില്‍ വച്ച് ഏറ്റവും ശ്രേഷ്ടമായതെന്ന് വിശ്വാസികള്‍ കണക്കാക്കപ്പെടുന്ന റമദാനില്‍ മുസ്ലീങ്ങള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ നോമ്പെടുക്കുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ യുഎഇയില്‍ നോമ്പിന്റെ ദൈര്‍ഘ്യം കുറയും. യുഎഇയില്‍ വസന്തകാലത്തിന്റെ തുടക്കമായതിനാല്‍ ആ സമയത്തെ താപനില കുറവായിരിക്കും.വരുന്ന നോമ്പ് കാലത്ത് ആദ്യ ദിവസം 13 മണിക്കൂറും 16 മിനിറ്റുമായിരിക്കും വ്രതസമയം. മാസാവസാനത്തോടെ നോമ്പ് സമയം ഏകദേശം 14 മണിക്കൂറിലെത്തും. 2023ല്‍ റമദാന്റെ തുടക്കത്തില്‍ യുഎഇയിലെ വിശ്വാസികള്‍ 13 മണിക്കൂറും 33 മിനിറ്റും ഭക്ഷണപാനീയങ്ങളില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ അവസനത്തില്‍ ഇത് 14 മണിക്കൂറും 16 മിനിറ്റും ആയിരുന്നു.


ഇസ്ലാമിക കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ് റമദാന്‍. ഹിജ്രി കലണ്ടറിലെ എല്ലാ മാസങ്ങളെയും പോലെ, ചന്ദ്രക്കല കാണുമ്പോള്‍ അതിന്റെ ആരംഭം നിര്‍ണയിക്കപ്പെടുന്നു. തീയതികള്‍ ചന്ദ്രനെ കാണുന്നതിന് വിധേയമാണെങ്കിലും ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം ഏറ്റവും സാധ്യതയുള്ള തീയതികള്‍ കൃത്യമായി കണക്കുകൂട്ടി അധികൃതര്‍ പ്രഖ്യാപിക്കാറുണ്ട്.ഐഎസിഎഡി കലണ്ടര്‍ അനുസരിച്ച് ഇത്തവണ റദമാന്‍ 29 ദിവസങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏപ്രില്‍ 9 ചൊവ്വാഴ്ചയാണ് അവസാനത്തെ ഉപവാസ ദിനം. വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്.ഇത്തവണ യുഎഇ നിവാസികളെ ഏറ്റവും ദൈര്‍ഘ്യമേറിയ ഔദ്യോഗിക പെരുന്നാള്‍ അവധിദിനങ്ങളാണ് കാത്തിരിക്കുന്നത്. ആറു ദിവസം പെരുന്നാള്‍ അവധി ലഭിക്കും. റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ പൊതു അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രിഗോറിയന്‍ കലണ്ടര്‍ തീയതി പ്രകാരം ഇത് ഏപ്രില്‍ 9 ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 12 വെള്ളി വരെയാണ്. ശനി-ഞായര്‍ വാരാന്ത്യ അവധിദിനങ്ങള്‍ കൂടി ലഭിക്കുന്നതോടെ ഒരുമിച്ച് ആറു ദിവസം ഇടവേള ലഭിക്കും.

നോമ്പിന് മുമ്പായി രാജ്യത്തെ സ്‌കൂളുകള്‍ അടച്ചിരിക്കും. പൊതുവേ, രാജ്യത്തുടനീളം ജീവിതം മന്ദഗതിയിലാകുന്നു. ഓഫീസ് സമയം കുറയുകയും പൊതുവായ ആത്മീയ അന്തരീക്ഷം നിലനില്‍ക്കുകയും ചെയ്യും.
Previous Post Next Post