ബഹ്‌റൈനിൽ പുതുവര്‍ഷ ദിനത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു.മനാമ: പുതുവര്‍ഷ ദിനത്തില്‍ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഫിസുകള്‍ക്കും ബഹ്‌റൈന്‍ രാജകുമാരന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പൊതു അവധി പ്രഖ്യാപിച്ചു. ബഹ്റൈനിലെ എല്ലാ മന്ത്രാലയങ്ങളും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റുകളും പൊതു സ്ഥാപനങ്ങളും 2024 ജനുവരി 1 ന് അടച്ചിടുമെന്ന് ഇത് സംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലറില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയും അറിയിച്ചു.പുതുവര്‍ഷ ദിനത്തോടനുബന്ധിച്ച് റോഡിലെ തിരക്ക് നിയന്ത്രിക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും നടപടി സ്വീകരിച്ചതായി ട്രാഫിക് വിഭാഗം അറിയിച്ചു. ഡിസംബര്‍ 31ന് രാത്രി റോഡുകളില്‍ ട്രാഫിക് കുരുക്കുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടതെന്ന് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ഉപമേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് അലി അദ്ദര്‍റാജ് വ്യക്തമാക്കി.


ആഘോഷ പരിപാടികള്‍ നടക്കുന്നിടത്തേക്കുള്ള റോഡുകളില്‍ പോലീസ് പട്രോളിങ് ശക്തമാക്കാന്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും. എല്ലാവരും റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Previous Post Next Post