ജി. ജയരാജിന് സിഡിറ്റ് ഡയറക്ടർ സ്ഥാനം നഷ്ടമാകും…സർക്കാർ നോട്ടിഫിക്കേഷൻ റദ്ദാക്കി



 

 തിരുവനന്തപുരം: സിഡിറ്റ് ഡയറക്ടർ സ്ഥാനം ജി. ജയരാജിന് നഷ്ടമാകും. ജയരാജിനെ വീണ്ടും ഡയറക്ടറാക്കാൻ സർക്കാർ കൊണ്ടുവന്ന നോട്ടിഫിക്കേഷൻ ഹൈക്കോടതി റദ്ദാക്കി.

 രണ്ടാം പിണറായി സർക്കാരാണ് ഡയറക്ടർ സ്ഥാനത്തേക്കുളള നിയമനത്തിനുളള യോഗ്യതകൾ മാറ്റിയത്. ഇത് ചോദ്യം ചെയ്തുളള ഹർജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടർ നടപടികളും സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.

വിദ്യാഭ്യാസം, സയൻസ്, മാസ് കമ്യൂണിക്കേഷൻ മേഖലകളിൽ മികവു തെളിയിച്ചവരെ നിയമിക്കാമെന്നായിരുന്നു മുൻ ശുപാർശ. ഇത് മാറ്റിയാണ് സർവീസിൽ നിന്ന് വിരമിച്ചവരെയും നിയമിക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. ജയരാജിന്റെ നിയമനത്തിനുവേണ്ടിയാണ് വ്യവസ്ഥകൾ മാറ്റിയതെന്നായിരുന്നു ആരോപണം. നോട്ടിഫിക്കേഷൻ റദ്ദാക്കിയതോടെയാണ് ജയരാജിന്റെ നിയമനവും അസാധുവായത്.

സിപിഎം നേതാവ് ടി എൻ സീമയുടെ ഭർത്താവാണ് ജി ജയരാജ്. മുൻ നിയമനം കോടതിയിലെത്തിയതോടെ സർക്കാർ നിയമനം പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം പിണറായി സർക്കാർ യോഗ്യതകളിൽ മാറ്റം വരുത്തി ജയരാജിനെ നിയമിച്ചത്. സിഡിറ്റ് ഡപ്യൂട്ടി ഡയറക്ടറായ എം ആർ മോഹനചന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ്.
Previous Post Next Post