ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം; പോലീസിന് നേരെ കെഎസ്‍യു പ്രവർത്തകരുടെ മുളകുപൊടി പ്രയോഗം; പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി പോലീസ്

തിരുവനന്തപുരം : കെ.എസ്.യു മാർച്ചിനിടയിൽ വീണ്ടും യുദ്ധക്കളമായി തലസ്ഥാനം. തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് നടത്തിയ കെ.എസ്.യു മാർച്ചിനിടെ സംഘർഷം. ബാരിക്കേഡ് മറി കടക്കാൻ ശ്രമിച്ച പ്രവർത്തകരുടെ നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

ബഹളത്തിനിടെ കെ.എസ്.യു പ്രവർത്തകർ പോലീസിനെ് നേരെ മുളകുപൊടിയെറിഞ്ഞു. നവകേരള സദസിന്റെ പ്രചരണ ബോർഡുകളും പ്രവർത്തകർ തകർത്തു. പ്രതിഷേധം തുടരുന്നതിനിടെ പ്രകോപനമില്ലാതെ പോലീസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു എന്നാണ് കെ.എസ്.യു പറയുന്നത്. നിലത്തുവീണ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അ‌റസ്റ്റ് ചെയ്ത് നീക്കി. 

എംഎൽഎ മാത്യു കുഴൽനാടനും കെഎസ്‍‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനും ഉൾപ്പെടെ സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. വനിത പ്രവർത്തകർക്കു നേരെയും ചാനൽ ക്യാമറാമാന് നേരെയും പോലീസ് ലാത്തി വീശി. ക്യാമറാമാനാണെന്ന് പറഞ്ഞിട്ടും പോലീസ് അതിക്രമം തുടരുകയായായിരുന്നുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

ഗുണ്ടകളെ പോലെയാണ് പോലീസ് പെരുമാറിയതെന്നാണ് കെ.എസ്.യുവിന്റെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നടക്കുന്നത് കൊട്ടേഷൻ സംഘമാണെന്ന് എം.എൽ.എ മാത്യു കുഴൽനാടൻ പ്രതികരിച്ചു. സി.പി.എമ്മിന് വേണ്ടി പ്രവർത്തിക്കുന്ന പോലീസ് കാക്കിയഴിച്ച് വച്ച് പുറത്തു പോകണമെന്നും ഗവർണർ പോയതുപോലെ അകമ്പടിയില്ലാതെ പിണറായി വിജയന് ഇറങ്ങിനടക്കാൻ കഴിയുമോയെന്നും കുഴൽനാടൻ ചോദിച്ചു. 

ഭാര്യാപിതാവിനെ ഒറ്റയ്ക്ക് വിടാൻ ധൈര്യമുണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസിനെയും മാത്യു കുഴൽനാടൻ വെല്ലുവിളിച്ചു.
Previous Post Next Post