ഗവർണർക്കെതിരെ എംഎം മണി നടത്തിയ അസഭ്യം സിപിഎമ്മിന്റെ സംസ്കാരമാണ് വിളിച്ചോതുന്നത്;കേരളത്തിൽ ക്രമസമാധാനനില തകർന്നു: കെ.സുരേന്ദ്രൻ


തിരുവനന്തപുരം: 
ഗവർണർക്കെതിരെ തെരുവിൽ ആക്രമണം അഴിച്ചുവിടാനാണ് സിപിഎം നീക്കമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

 തിരുവനന്തപുരത്ത് എസ്എഫ്ഐക്കാർ ഗവർണറെ തടയാൻ ശ്രമിക്കുന്നതും ഗവർണർക്കെതിരെ എംഎം മണി നടത്തിയ അസഭ്യവർഷവും സിപിഎമ്മിന്റെ സംസ്കാരമാണ് വിളിച്ചോതുന്നത്.


മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടേയും അറിവോടെയാണ് എംഎം മണിയും എസ്എഫ്ഐയും അഴിഞ്ഞാടുന്നത്. ഭരണത്തലവന് പോലും സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയാത്ത നാടായി പിണറായി വിജയൻ കേരളത്തെ മാറ്റി. രാജ്ഭവൻ മാർച്ചും ഇടുക്കിയിലെ ഹർത്താലും രാജ്യത്തിന്റെ ഭരണഘടനയെ സംസ്ഥാന സർക്കാർ തന്നെ ചോദ്യം ചെയ്യുന്നതിന്റെ നേർചിത്രങ്ങളാണ്. ജീവൽ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സർക്കാർ ക്രമസമാധാനനില തകർന്നുതെന്ന് വ്യക്തമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛനെ പ്രതിയുടെ ബന്ധുക്കൾ അക്രമിച്ച സംഭവം കേരളത്തിൽ ക്രമസമാധാനനില തകർന്നതിന് ഉദാഹരണമാണ്. സിപിഎമ്മുമായി ബന്ധമുള്ളവർ ഇവിടെ എന്തുമാവാം എന്ന സ്ഥിതിയാണുള്ളത്. ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിക്ക് നീതികിട്ടിയില്ല. പ്രതി സിപിഎമ്മുകാരനായതിനാൽ പൊലീസും പ്രോസിക്യൂഷനും കണ്ണടക്കുകയായിരുന്നു. ഇപ്പോൾ ഇതാ ഇരയുടെ അച്ഛനെ പട്ടാപ്പകൽ കുത്തിക്കൊല്ലാൻ പ്രതിയുടെ ബന്ധുക്കൾ ശ്രമിച്ചിരിക്കുന്നു. കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇരയെ പിന്നെയും പിന്നെയും വേട്ടയാടുന്ന നരകതുല്ല്യമായ സ്ഥലമായി നമ്മുടെ സംസ്ഥാനം മാറിക്കഴിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.
Previous Post Next Post