ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യുന്നത് എതിർത്തു; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍





പറ്റ്ന: ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യുന്നത് വിലക്കിയ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. മഹേശ്വര്‍ കുമാർ റേയ് എന്ന യുവാവിനെയാണ് ഭാര്യ റാണി കുമാരി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാതി 9മണിയോടെ ബിഹാറിലെ ബെഗുസാരായിലാണ് കേസിനാസ്പദമായ സംഭവം.
സമസ്തിപൂർ ജില്ലയിലെ നർഹാൻ ഗ്രാമവാസിയാണ് മഹേശ്വര്‍. കൊൽക്കത്തയിൽ കൂലിപ്പണി ചെയ്തിരുന്ന മഹേശ്വർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. റാണി കുമാരി ഇന്‍സ്റ്റഗ്രാമില്‍ പതിവായി വീഡിയോകള്‍ ചെയ്തിരുന്നു. മഹേശ്വര്‍ പലതവണ ഇതിനെ എതിര്‍ത്തിരുന്നു. ഫാഫൗട്ട് ഗ്രാമത്തിൽ നിന്നുള്ള റാണി കുമാരി ഏകദേശം 6-7 വർഷം മുമ്പാണ് മഹേശ്വറിനെ വിവാഹം കഴിച്ചത്. ഭാര്യയുടെ വീട്ടിലായിരുന്നു മഹേശ്വര്‍ താമസിച്ചിരുന്നത്. സംഭവ ദിവസം ഇൻസ്റ്റാഗ്രാം റീലുകളെ ചൊല്ലി ഇയാളും ഭാര്യയും തമ്മിൽ തർക്കമുണ്ടായി. തുടര്‍ന്ന് യുവതിയും വീട്ടുകാരും ചേര്‍ന്ന് മഹേശ്വറിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
രാത്രി കൊൽക്കത്തയിൽ നിന്ന് മഹേശ്വറിന്‍റെ സഹോദരൻ വിളിച്ചപ്പോള്‍ മറ്റാരോ ഫോൺ അറ്റൻഡ് ചെയ്യുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.സഹോദരനും പിതാവും സ്ഥലത്തെത്തിയപ്പോള്‍ മഹേശ്വറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. മഹേശ്വറിന്‍റെ ബന്ധുക്കൾ നൽകിയ പരാതിയിൽ റാണിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹേശ്വര്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങാനിരിക്കെയാണ് കൊലപാതകം.
أحدث أقدم