രണ്ടേകാൽ ലക്ഷം രൂപ മുടക്കി അന്ന് നിർമിച്ച സ്വർണക്കപ്പിന്റെ ഇന്നത്തെ വില!!

 


ആറു പതിറ്റാണ്ടിന്റെ ചരിത്രമുണ്ട് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് പങ്കുവെക്കാൻ. ആദ്യത്തെ കലോത്സവം അരങ്ങേറുന്നത് 1956 ലാണ്. സംസ്ഥാനം രൂപീകരിച്ച് അതിന്റെ തൊട്ടടുത്ത മാസം തന്നെയായിരുന്നു കൗമാര കലോത്സവത്തിനും തുടക്കം കുറിച്ചത്. എന്നാൽ അന്ന് വെറും ഒരു ദിവസമായിരുന്നു കലോത്സവം. വർഷങ്ങൾ പിന്നിട്ടപ്പോൾ കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം തന്നെയായി സ്‌കൂൾ കലോത്സവം മാറി. ആവേശം ഒട്ടും കുറയാതെ, ഓരോ വർഷവും മുമ്പത്തേതിനേക്കാൾ കെങ്കേമമായാണ് കലോത്സവം അരങ്ങേറാറുള്ളത്.1956ൽ ഡൽഹിയിൽ നടന്ന ഇന്റർവാഴ്സിറ്റി കലോത്സവമാണ് കേരളത്തിന് ഇങ്ങനെയൊരു മത്സരത്തിന് പ്രചോദനമായത്. അന്ന് 200 പേർ മാത്രമാണ് മത്സരത്തിൽ പങ്കെടുത്തത്. ഇന്നത് 14000 ത്തിൽ എത്തിനിൽക്കുന്നു. തുടക്കകാലത്ത് കലോത്സവത്തിന്റെ പേര് കേരള സ്‌കൂൾ യുവജനോത്സവം എന്നായിരുന്നു. 2009 മുതലാണ്‌ കേരള സ്കൂൾ കലോത്സവം എന്നാക്കിയത്. എന്നാൽ 1975 ൽ കോഴിക്കോട് വച്ച് നടന്ന മത്സരം കലോത്സവ ചരിത്രത്തിൽത്തന്നെ വഴിത്തിരിവുണ്ടാക്കി.

ഇപ്പോൾ സമ്മാനമായി നൽകുന്ന സ്വർണക്കപ്പ് നിർമ്മിച്ചത് 1986 ലാണ്. വിജയികൾക്കു വേദിയിൽ കൈമാറുന്ന സ്വർണക്കപ്പ് അവരുടെ ജില്ലയിലെ ട്രഷറിയിൽ സൂക്ഷിക്കും. സമാനമായ സ്വർണവർണമുള്ള ട്രോഫി ജില്ലാ അധികൃതർക്കും കൈമാറും. രണ്ടേകാൽ ലക്ഷം രൂപയാണ് മുടക്കി അന്ന് നിർമിച്ച 117.5 പവൻ സ്വർണക്കപ്പിന്റെ ഇന്നത്തെ വില60 ലക്ഷം രൂപയിലേറെയാണ്.

കപ്പ് കയ്യടക്കുന്ന കോഴിക്കോടൻ കൊമ്പന്മാർ!

കലോത്സവ ചരിത്യം പരിശോധിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ തവണ കപ്പ് സ്വന്തമാക്കിയത് കോഴിക്കോട് ആണ്. പത്തൊമ്പത് തവണയാണ് കോഴിക്കോട് കപ്പ് സ്വന്തമാക്കി ഓവറോള്‍ കിരീടം ചൂടിയത്. മാത്രവുമല്ല കപ്പ് സ്വന്തമാക്കുന്നതിൽ ഏറ്റവും കൂടുതല്‍ തവണ ഹാട്രിക്ക് അടിച്ചതും കോഴിക്കോട് തന്നെയാണ്. 1991 – 1993 ലാണ് ആദ്യമായി കോഴിക്കോട് ഹാട്രിക് സ്വന്തമാക്കുന്നത്. പിന്നീടത് പലതവണകളായി സംഭവിച്ചു. കപ്പ് സ്വന്തമാക്കുന്നതിൽ മാത്രമല്ല വേദി ഒരുക്കുന്നതിലും കോഴിക്കോട് തന്നെയാണ് മുന്നിൽ. എട്ട് തവണ വീതമാണ് കോഴിക്കോടും തൃശ്ശൂരും കലോത്സവത്തിനായി വേദിയൊരുക്കിയിട്ടുള്ളത്.

Previous Post Next Post