പോലീസ് ഓഫീസർ എന്ന വ്യാജേന വീഡിയോ കോൾ തട്ടിപ്പ് ; കൊല്ലം സ്വദേശിക്ക് നഷ്ടപ്പെട്ടത് 40 ലക്ഷം രൂപ


കൊല്ലം : സംസ്ഥാനത്ത് വീണ്ടും വ്യാജ വീഡിയോ കോളിലൂടെ തട്ടിപ്പ്. പോലീസ് ഓഫീസർ എന്ന വ്യാജേന വീഡിയോ കോൾ ചെയ്തയാൾ കൊല്ലം സ്വദേശിയിൽ നിന്നും 40 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു.

 പാഴ്സലായി അയച്ച സാധനസാമഗ്രികളിൽ എംഡിഎംഎ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. ഭീഷണിയെ തുടർന്ന് കൊല്ലം സ്വദേശി 40 ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു.
പ്രശസ്ത കൊറിയർ കമ്പനിയുടെ കസ്റ്റമർ സർവീസ് സെന്ററിൽ നിന്നാണെന്ന് പറഞ്ഞാണ് ഇദ്ദേഹത്തിന് ആദ്യമായി കോൾ ലഭിക്കുന്നത്. തുടർന്ന് പാഴ്സലിൽ എംഡിഎംഎ ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് മുംബൈ പോലീസിന്റെ സൈബർ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തിയ ആൾ വീഡിയോ കോൾ ചെയ്തു ഭീഷണിപ്പെടുത്തുകയായിരുന്നു. തട്ടിപ്പിനിരയായ ആളെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും സ്ഥലം വിട്ടു പോകരുതെന്നും പോലീസ് ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തിയ ആൾ ഭീഷണിപ്പെടുത്തി.

തുടർന്നാണ് അറസ്റ്റും തുടർനടപടികളും ഒഴിവാക്കാനായി പണം അയക്കാനായി തട്ടിപ്പുകാർ നിർദ്ദേശിച്ചത്. പരാതിക്കാരൻ കൊല്ലം പോലീസിൽ പരാതി നൽകാൻ പോവുകയാണെന്ന് അറിയിച്ചതോടെ മുംബൈയിൽ നടന്ന സംഭവമായതിനാൽ അവിടെത്തന്നെ എത്തി പരാതി നൽകണമെന്നും തട്ടിപ്പുകാർ അറിയിച്ചു. സ്കൈപ്പ് ആപ്പിലൂടെ ആണ് മുംബൈ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ എന്ന വ്യാജേന തട്ടിപ്പുകാർ കൊല്ലം സ്വദേശിയെ ബന്ധപ്പെട്ടത്.

 പരാതിക്കാരൻ 40 ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിപ്പുകാർ പറഞ്ഞ അക്കൗണ്ടിലേക്ക് ഓൺലൈനായി അയച്ചു നൽകിയത്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Previous Post Next Post