അയര്‍ലണ്ടില്‍ ഇന്ധനവില കുറയുമെന്ന പ്രതീക്ഷ വേണ്ട…!




ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുന്നതിന് ഒരു സാധ്യതയുമില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.റഷ്യ-ഉക്രൈന്‍ ആക്രമണവും ഇസ്രായേല്‍-ഹമാസ് യുദ്ധവും അടക്കമുള്ള ആഗോള സംഭവികാസങ്ങള്‍ നേരിട്ട് അയര്‍ലണ്ടിനെ ബാധിക്കുന്നില്ലെങ്കിലും ഈ സ്ഥിതിഗതികള്‍ ഇവിടുത്തെ ഇന്ധനവിലയെ സ്വാധീനിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അയര്‍ലണ്ട് നേരിട്ട് ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും മിഡില്‍ ഈസ്റ്റിലെ സമീപകാല സംഭവവികാസങ്ങള്‍ രാജ്യത്തിന്റെ എണ്ണ വിപണിയിലും വിലയിലും സമ്മര്‍ദ്ദമുണ്ടാക്കിയിട്ടുണ്ട്.

ഇന്ധന ഉപയോഗത്തില്‍ ബോധപൂര്‍വ്വമായ കുറവു വരുത്തിയും സ്വന്തം ഇന്ധന സ്രോതസ്സുകളെ ചൂണം ചെയ്തും ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചും മാത്രമേ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഊര്‍ജ്ജ പ്രതിസന്ധിയെ നേരിടാനാകൂ എന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.വാഹനങ്ങളുടെ ഉപയോഗം കുറച്ചും ദൈനംദിന ഊര്‍ജ്ജ ഇടപെടലുകളില്‍ ജാഗ്രത പാലിച്ചം മാത്രമേ ഇന്ധന ഉപയോഗം കുറയ്ക്കാനും ഇറക്കുമതി കുറയ്ക്കാനും ഊര്‍ജ്ജ ചെലവുകള്‍ കുറയ്ക്കാനും സാധിക്കുകയുള്ളുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ചെങ്കടലിലെ കടല്‍പ്പാതയിലെ ഹൂതി ഇടപെടലുകള്‍

ആഗോള എണ്ണ വ്യാപാരത്തിനുള്ള പ്രധാന ഇടനാഴിയാണ് ചെങ്കടലിലെ ബാബ് എല്‍-മണ്ടേബ് കടല്‍പ്പാത.ഇസ്രായേലിനെതിരായ പ്രതികരണത്തിന്റെ പേരില്‍ ഹൂതി ഭീകരര്‍ നടത്തുന്ന ആക്രമണം അയര്‍ലണ്ടിന്റെ എണ്ണ വിതരണത്തെയും ബാധിക്കുന്നു.ഈ കടലിടുക്കിലൂടെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഏഷ്യയിലേക്കും പ്രതിദിനം ഒഴുകുന്നത് ഏതാണ്ട് ആറ് മില്യണ്‍ ബാരല്‍ എണ്ണയാണ്.യുകെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, യു.എസ്. എന്നിവയെയാണ് അയര്‍ലണ്ടും എണ്ണയ്ക്കായി ആശ്രയിക്കുന്നത്. അതിനാല്‍ ഈ സംഭവങ്ങള്‍ ഇവിടെയും പ്രതിഫലിക്കും.

ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കുന്ന അയര്‍ലണ്ട്

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് അയര്‍ലണ്ട്. ഇവിടെ 90 ദിവസത്തെ എണ്ണയുടെ കരുതല്‍ ശേഖരം മാത്രമേയുള്ളു.അതിനാല്‍ മൂന്ന് മാസത്തിലേറെ നീണ്ട തടസ്സങ്ങളുണ്ടായാല്‍ രാജ്യം പ്രതിസന്ധിയിലാകും.അയര്‍ലണ്ടിന്റെ തീരത്തെ ഇന്ധന സ്രോതസ്സുകള്‍ ചൂഷണം ചെയ്യുന്നതിനുള്ള നടപടികളൊന്നും ഇനിയും ആരംഭിച്ചിട്ടില്ല.
വളരെയധികം ഊര്‍ജ്ജം ഉപയോഗിക്കുന്നതും വളരെ കുറച്ച് ഉല്‍പ്പാദിപ്പിക്കുന്നതുമായ ഒരു രാജ്യവുമാണ് അയര്‍ലണ്ട്.

100% ഇറക്കുമതി ചെയ്യുന്ന എണ്ണ

അയര്‍ലണ്ട് 100% ആശ്രയിക്കുന്നത് ഇറക്കുമതി ചെയ്യുന്ന എണ്ണയെയാണ്. ഇതുപയോഗിച്ചാണ് നമ്മുടെ ഊര്‍ജ ആവശ്യത്തിന്റെ പകുതിയും നിറവേറ്റുന്നത്.ഫോസില്‍ ഇന്ധനമാണ് 85% ഊര്‍ജ്ജ ആവശ്യങ്ങളും നിറവേറ്റുന്നത്.7,00,000ത്തിലധികം വീടുകള്‍ ഹീറ്റാക്കാനും ഈ എണ്ണയാണ് ഉപയോഗിക്കുന്നത്.

ഓയിലിനെ പെട്രോളും ഡീസലുമാക്കി മാറ്റാനുള്ള ശുദ്ധീകരണ സൗകര്യങ്ങളുടെ ലഭ്യത, ഉല്‍പ്പന്നങ്ങളുടെ സ്റ്റോക്ക് എന്നിവയൊക്കെ വില വര്‍ദ്ധനയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളാണ്.ഇന്ധനത്തെ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും വളരെ പ്രധാനമാണ്.

അയര്‍ലണ്ടുകാര്‍ സഞ്ചരിച്ചത് 30 ബില്ല്യണ്‍ കിലോമീറ്റര്‍

കഴിഞ്ഞ വര്‍ഷം, അയര്‍ലണ്ടുകാര്‍ കാറില്‍ 30 ബില്ല്യണ്‍ കിലോമീറ്ററിലധികം സഞ്ചരിച്ചതായാണ് കണക്ക്. പണ്ട് സ്‌കൂളിലേയ്ക്ക് നടന്നിരുന്ന കുട്ടികള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും വാഹനങ്ങളിലാണ് സഞ്ചരിക്കുന്നത്.

വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് ഊര്‍ജ്ജ സുരക്ഷയ്ക്ക് വളരെ നല്ലതാണ്: എണ്ണ ഇറക്കുമതിയില്‍ ഇത് കുറവുണ്ടാക്കും.ബസ് ഇടനാഴികള്‍, ലൈറ്റ് റെയില്‍, സൈക്കിള്‍ പാതകള്‍, ഷയേര്‍ഡ് മൊബിലിറ്റി ബദല്‍ മാര്‍ഗങ്ങള്‍ തുടങ്ങിയ എണ്ണ ആവശ്യകത കുറയ്ക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.വൈദ്യുത വാഹനങ്ങളും ഇലക്ട്രിക് ഹീറ്റിംഗുമൊക്കെ അടക്കമുള്ള ബദല്‍ സാങ്കേതികവിദ്യ വരുന്നുണ്ടെങ്കിലും ഇതിനായി സമയവും നിക്ഷേപവും ഏറെ ആവശ്യമുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
Previous Post Next Post