ലോണ്‍ തിരിച്ചടവ് മുടങ്ങിയാല്‍ ഏപ്രില്‍ ഒന്നു മുതല്‍ പിഴപ്പലിശ ഇല്ല


വായ്പാ കുടിശ്ശിക വരുത്തിയാല്‍ ഉപഭോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ക്ക് ഇനി പിഴപ്പലിശ ഈടാക്കാനാകില്ല. ബാങ്കുകളുടെ ചൂഷണം അവസാനിപ്പിക്കുന്നതിനും വായ്പാ സംവിധാനം നീതിപൂര്‍ണമാക്കാനുമായി ആര്‍ബിഐ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ലോണ്‍ എടുക്കുന്നവർ തിരിച്ചടവ് തുകയില്‍ കുടിശ്ശിക വരുത്തിയാല്‍ ബാങ്കുകള്‍ നിലവില്‍ പിഴപ്പലിശ ഈടാക്കാറുണ്ട്. എന്നാല്‍ കൂടുതല്‍ വരുമാനം നേടാനുള്ള മാര്‍ഗ്ഗമായി ബാങ്കുകള്‍ ഇതിനെ കാണരുതെന്നാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം.

ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഇത് ബാധകമാണ്. ഹോംലോണ്‍, കാര്‍ ലോണ്‍, ഗോള്‍ഡ് ലോണ്‍ എന്നി ലോണുകള്‍ക്കെല്ലാം ഇത് ബാധകമാകും. ഏപ്രില്‍ ഒന്നുമുതലാണിത് പ്രാബല്യത്തില്‍ വരിക. ലോണ്‍ എടുത്തവര്‍ തുക മുഴുവന്‍ തിരിച്ചടച്ചാല്‍ 30 ദിവസത്തിനകം എല്ലാ രേഖകളും തിരിച്ചുനല്‍കണമെന്നും ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പ്രോപ്പര്‍ട്ടി രേഖകള്‍ വിട്ടുനല്‍കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണം. ധനകാര്യ സ്ഥാപനങ്ങള്‍ വിവിധ പ്രോപ്പര്‍ട്ടികളുടെ രേഖകള്‍ തിരിച്ചുനല്‍കുന്നതില്‍ കാലതാമസം വരുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. പരാതിക്കാരന് പ്രതിദിനം 5,000 രൂപ വീതമാണ് നഷ്ടപരിഹാരമായി നല്‍കേണ്ടി വരിക.


Previous Post Next Post