ബസ്‌ റോഡിലെ കുഴിയിൽ വീണ്‌ യാത്രക്കാരന്റെ നട്ടെല്ലിന്‌ പരിക്ക്‌.. KSRTC ഡ്രൈവർക്കെതിരേ കേസ്

..
        
ബസിന്റെ പിൻഭാഗത്തെ ടയർ റോഡിലെ കുഴിയിൽ ചാടിയപ്പോൾ തെറിച്ചുവീണ യാത്രക്കാരന്റെ നട്ടെല്ലിന്‌ പരിക്ക്‌. മുൻ സൈനികൻ പയ്യന്നൂർ അന്നൂരിലെ കെ.ടി. രമേശനാണ്‌ (65) പരിക്കേറ്റത്. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ സതീഷ് ജോസഫിനെതിരേ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.

മുൻ സൈനികർക്കായി പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട്ടെ പോളി ക്ലിനിക്കേലേക്ക്‌ വരാനായി പയ്യന്നൂരിൽനിന്നാണ് രമേശൻ ബസിൽ കയറിയത്. കാഞ്ഞങ്ങാട് സൗത്തിലെത്തിയപ്പോഴാണ് ടയർ കുഴിയിൽ പതിച്ചത്. സീറ്റിൽനിന്ന് മുകളിലേക്കുയർന്ന് ലഗേജ് വെക്കുന്ന കമ്പിയിൽ തലയിടിച്ചശേഷം ബസിന്റെ പ്ലാറ്റ് ഫോമിലേക്ക്‌ വീഴുകയായിരുന്നു. വീഴ്ചയ്ക്കിടെ പുറംഭാഗം സീറ്റിന്റെ പിറകിലെ കമ്പിയിടിയ്ക്കുകയും ചെയ്തു.

ബസിൽ ആളുകൾ കുറവായിരുന്നെന്നും തന്റെ നിലവിളി കേട്ട് കണ്ടക്ടർ പെട്ടെന്ന് എത്തി എഴുന്നേൽപ്പിക്കുകയുമായിരുന്നുവെന്ന് രമേശൻ പറഞ്ഞു. പുതിയ കോട്ടയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിയിലെത്തി പ്രഥമശുശ്രൂഷ നൽകിയ ശേഷം ജില്ലാ ആസ്പത്രിയിലെത്തിച്ചു. എക്‌സറേ എടുത്തപ്പോൾ നട്ടെല്ലിന് ക്ഷതമുണ്ടായതായി വ്യക്തമായി. തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിലേക്ക്‌ മാറ്റി. നട്ടെല്ലിനു ബെൽറ്റ് ഇട്ട ശേഷം വീട്ടിലേക്കു മടങ്ങി. ഒന്നരമാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. സംഭവത്തിൽ ദേശീയപാത അധികൃതരും ഉത്തരവാദികളാണെന്നും അന്വേഷണത്തിൽ ഇതു കൂടി ഉൾപ്പെടുത്തുമെന്നും ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ പി. അജിത്കുമാർ പറഞ്ഞു.
Previous Post Next Post