മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽ ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി..


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന് മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽ വച്ച് മർദനമെന്ന് പരാതി. മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ആലപ്പുഴയിലെ ഇറിഗേഷൻ ചീഫ് എൻജിനീയറാണ് പരാതി ആരോപിച്ചത്. തന്നെ മർദിച്ചെന്ന് ആരോപിച്ച് ചീഫ് എൻജിനീയർ ശ്യാംഗോപാൽ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആരോപണം മന്ത്രിയുടെ ഓഫീസ് നിഷേധിച്ചിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കാണാൻ ഓഫിസിലെത്തിയതായിരുന്നു ആലപ്പുഴയിലെ ഇറിഗേഷൻ ഓഫീസറും കുട്ടനാട് പാക്കേജിന്റെ ചുമതലയുള്ള ചീഫ് എൻജിനീയറുമായ ശ്യാംഗോപാൽ. ഈ സമയത്ത് സെക്രട്ടറിയും മന്ത്രിയും സ്ഥലത്തുണ്ടായിരുന്നില്ല. കാബിനിനകത്ത് ഇരിക്കാൻ നിർദേശം നൽകിയെങ്കിലും ഇതിനിടയിൽ അഡി. പ്രൈവറ്റ് സെക്രട്ടറി ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നാണു പരാതി. ഇതു ചോദ്യം ചെയ്തതാണു തർക്കത്തിനിടയാക്കിയത്. തർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഉന്തും തള്ളിനുമിടയിൽ കൈക്ക് പരിക്കേൽക്കുകയും സെക്രട്ടറിയേറ്റ് വളപ്പിലെ ക്ലിനിക്കിൽ ചികിത്സ തേടുകയും ചെയ്തതായി പരാതിയിൽ ശ്യാംഗോപാൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ മന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും ഇദ്ദേഹം പരാതി നൽകിയിട്ടുണ്ട്.
Previous Post Next Post