ആനയെ മയക്കുവെടിവെക്കാനുള്ള ദൗത്യം ഇന്നും വിജയം കണ്ടില്ല

വയനാട് : മാനന്തവാടിയിലിറങ്ങിയ ആനയെ മയക്കുവെടിവെക്കാനുള്ള ദൗത്യം ഇനിയും വൈകും. ഇന്നത്തെ ശ്രമവും വിജയം കണ്ടില്ല.

ആന ഉള്‍ക്കാട്ടിലായതിനാല്‍ ഇന്ന് മയക്കുവെടിവെയ്ക്കാന്‍ കഴിയില്ലെന്നു അധികൃതര്‍ അറിയിച്ചു. മണ്ണുണ്ടി വനമേഖലയില്‍ നിന്നും ആനയെ വെടിവെക്കാന്‍ കഴിയില്ലെന്നും ആന ചെമ്പകപ്പാറ പരിസരത്തേക്ക് നീങ്ങുകയാണെന്നും ദൗത്യസംഘം അറിയിച്ചു.

ദൗത്യസംഘം അടുത്ത് എത്തുമ്പോഴേക്കും ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങുന്നതാണ് വെല്ലുവിളി. ദൗത്യം നാളെയും തുടരുമെന്ന് വനം വകുപ്പ് അറിയിച്ചു. ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്നല്‍ കിട്ടുന്നതിനനുസരിച്ചാണ് നീക്കം. മണ്ണുണ്ടിക്കും ആനപ്പാറക്കും ഇടയില്‍ ആനയെ കണ്ടെത്തിയെന്നാണ് ഇന്ന് രാവിലെയുണ്ടായിരുന്ന റിപ്പോര്‍ട്ട്.

വനംവകുപ്പില്‍നിന്നും 15 സംഘങ്ങളും പൊലീസില്‍നിന്ന് മൂന്ന് സംഘവുമാണ് ദൗത്യത്തിന്റെ ഭാഗമായിട്ടുള്ളത്. കുങ്കിയാനകളും സജ്ജമാണ്. കുങ്കിയാനകളുടെ സാന്നിധ്യത്തില്‍ മയക്കുവെടി വെക്കാനാണ് തീരുമാനം. ആനയെ കണ്ടെത്താനാകാതെ ഇന്നലെ ദൗത്യസംഘം കാട്ടില്‍നിന്ന് മടങ്ങിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു.
Previous Post Next Post