വിവരാവകാശത്തിന് മറുപടി നല്‍കിയില്ല; എന്‍ജിനിയര്‍ക്ക് സ്ഥലം മാറ്റവും കാല്‍ലക്ഷം രൂപ പിഴയും; സംസ്ഥാനത്ത് ആദ്യംതിരുവനന്തപുരം: 10:34സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ലംഘിച്ച വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ക്ക് ആറ്റിങ്ങലില്‍ നിന്ന് വയനാട്ടിലേക്ക് സ്ഥലം മാറ്റവും 25000 രൂപ പിഴയും കൂടാതെ അച്ചടക്ക നടപടിയും വിജിലന്‍സ് അന്വേഷണവും ഉണ്ടാവും. വകുപ്പുതല നടപടിയുടെ ഭാഗമായി കുറ്റപത്രവും നല്കി.

ആറ്റിങ്ങല്‍ സബ്ഡിവിഷനിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് ബൈജുവിനെയാണ് ശിക്ഷാ നടപടിയുടെ ഭാഗമായി ഉടന്‍ പ്രാബല്യത്തില്‍ സ്ഥലം മാറ്റിയത്. പിഴ സംഖ്യ ഈ മാസം 28 നകം അടച്ച് 29 ന് ചെലാന്‍ കമ്മിഷനില്‍ സമര്‍പ്പിക്കണം.

ബൈജുവിനെതിരെ കേരള സിവില്‍ സര്‍വീസ് ചട്ടം16 പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി വിശദീകരണം തേടി 15 ദിവസത്തെ നോട്ടീസും നല്കിയിട്ടുണ്ട്. വകുപ്പുതല വിജിലന്‍സ് വിഭാഗത്തിനാണ് അന്വേഷണ ചുമതല. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ അബ്ദുല്‍ ഹക്കിമിന്റെ ഉത്തരവിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ആണ് നടപടിയെടുത്തത്.

കുടിവെള്ള വിതരണത്തിന്റെ പൈപ്പ് നന്നാക്കാന്‍ റോഡ് വെട്ടിക്കുഴിച്ചതുമായി ബന്ധപ്പെട്ട് വര്‍ക്കല മരുതിക്കുന്ന് പാറവിളയില്‍ ലാലമ്മ 2023 ജനുവരിയില്‍ സമര്‍പ്പിച്ച പരാതി അവഗണിച്ചതിനാണ് ശിക്ഷ. തിരുവനന്തപുരം നാവായിക്കുളം പഞ്ചായത്തിലാണ് 10 രൂപ ഫീസടച്ച് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. ഈ ജോലി നിര്‍വ്വഹിച്ചത് വര്‍ക്കല ജലവിതരണ ഓഫീസായതിനാല്‍ പഞ്ചായത്തില്‍ നിന്ന് അപേക്ഷ അവിടേക്ക് നല്‍കി.

ഇങ്ങനെ ലഭിക്കുന്ന അപേക്ഷക്ക് എത്രയും വേഗം മറുപടി നല്കണമെന്നാണ് ആര്‍ടിഐ ചട്ടം. എന്നാല്‍ അവിടെ വിവരാവകാശ ഓഫീസറായിരുന്ന എസ്. ബൈജു അപേക്ഷ സ്വീകരിക്കാതെ മടക്കി. തന്റെ ഓഫീസില്‍ വേറെ ഫീസടച്ച് അപേക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഇതു ചോദ്യംചെയ്ത് ലാലമ്മ സമര്‍പ്പിച്ച പരാതി ഹര്‍ജിയില്‍, വീണ്ടും അപേക്ഷാ ഫീസ് വാങ്ങരുതെന്നും പകര്‍പ്പുകള്‍ക്ക് ചെലവുതുക വാങ്ങി വിവരം നല്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചെങ്കിലും ബൈജു ഉത്തരവ് നടപ്പാക്കിയില്ല. ഹിയറിംഗിന് വിളിച്ചിട്ടും ഹായരായില്ല. തുടര്‍ന്ന് ബൈജുവിനെ സമന്‍സയച്ച് വരുത്തിയാണ് വിസ്തരിച്ചത്.

നിയമം 6 (3) പ്രകാരം മറ്റൊരു ഓഫീസര്‍ ലഭ്യമാക്കിയ അപേക്ഷ നിരസിച്ചു, നാവായിക്കുളം പഞ്ചായത്തിന്റെ ആവര്‍ത്തിച്ചുള്ള അറിയിപ്പ് അവഗണിച്ചു, ഹര്‍ജിക്കാരി നേരില്‍ ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ല, വിവരാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല, കമ്മിഷന്‍ നല്കിയ ഓര്‍മ്മക്കുറിപ്പിനോട് പ്രതികരിച്ചില്ല, അപേക്ഷ സ്വീകരിക്കാനും വിവരം നല്കാനുമുള്ള കമ്മിഷന്റെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്തു, തെളിവെടുപ്പിന് ഹാജരായില്ല തുടങ്ങിയ കുറ്റങ്ങളാണ് ബൈജുവിനെതിരെ ചുമത്തിയിട്ടുള്ളത്. ഹര്‍ജിക്കാരിയെയും നാവായിക്കുളം പഞ്ചായത്ത്, വര്‍ക്കല ജലവിതരണ ഓഫീസ് എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ഓഫീസര്‍മാരെയും മേലധികാരികളെയും വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് കമ്മിഷണര്‍ എ.അബ്ദുല്‍ ഹക്കീം ഉത്തരവായത്. പിഴത്തുക ഒടുക്കാന്‍ വൈകിയാല്‍ വകുപ്പു മേധാവി ശമ്പളത്തില്‍ നിന്ന് പിടിച്ച് അടയ്ക്കണം. അല്ലെങ്കില്‍ റവന്യൂ റിക്കവറിയും ഉണ്ടാവും .

സംസ്ഥാനത്ത് ഇത് ആദ്യമായാണ് വിവരാവകാശ നിയമം 20(1) പ്രകാരം ഫൈനും 20(2) പ്രകാരം അച്ചടക്ക നടപടിയും സ്ഥലം മാറ്റവും ഒരുപോലെ നടപ്പില്‍വരുത്തി ശിക്ഷിക്കുന്നത്
Previous Post Next Post