വെറും 1000 രൂപയ്ക്ക് റെയിൽവേ സ്റ്റേഷനിൽ ഒരു സ്റ്റാൾ തുറക്കാം; 'വൺ സ്റ്റേഷൻ വൺ പ്രോഡക്ട്' പദ്ധതി എങ്ങനെ ഉപയോഗപ്പെടുത്താം?നിരവധി റെയിൽവേ സ്റ്റേഷനുകളില്‍ പ്രാദേശിക ഉൽപ്പന്നങ്ങളുമായി ചെറിയ കച്ചവട സ്റ്റാളുകൾ തുറന്നിരിക്കുന്നത് കാണാൻ കഴിയും. 2022-23 ബജറ്റിൽ പ്രഖ്യാപിച്ച 'വൺ സ്റ്റേഷൻ വൺ പ്രോഡക്ട്' എന്ന പദ്ധതി വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നടപ്പാക്കി വരികയാണ്. നാട്ടിൻപുറങ്ങളിലെ ചെറുകിട സ്ഥാപനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന ഒരു സേവനമാണിത്. വളരെ ചുരുങ്ങിയ ചെലവിൽ വലിയൊരു കച്ചവടസാധ്യത സാധാരണ കച്ചവടക്കാർക്കായി റെയിൽവേ തുറന്നിടുകയാണ്.

കേന്ദ്ര സർക്കാരിന്റെ വോക്കൽ ഫോർ ലോക്കൽ എന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലുള്ളവര്‍ക്ക് വരുമാനസാധ്യത കൂട്ടുകയാണ് ലക്ഷ്യം. റെയിൽവേ സ്റ്റേഷനുകളിൽ ഈ വിഭാഗക്കാർക്ക് ഒരു ഷോപ്പ് തുടങ്ങുകയെന്നത് പ്രായോഗികമല്ല. അത്രയേറെ സാമ്പത്തികശേഷി അതിനാവശ്യമാണ്. എന്നാൽ വൺ സ്റ്റേഷൻ വൺ പ്രോഡക്ട് പദ്ധതി പ്രകാരം ഏതൊരാൾക്കും റെയിൽവേസ്റ്റേഷനിൽ താൽക്കാലികമായി ഒരു ഷോപ്പ് പ്രവർത്തിപ്പിക്കാൻ കഴിയും. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ രൂപപ്പെടുത്തിയ പദ്ധതിയാണിത്.

1000 രൂപ നിക്ഷേപിച്ചാൽ 15 ദിവസത്തേക്ക് ഒരു താൽക്കാലിക സ്റ്റാൾ അല്ലെങ്കിൽ അനുവദിക്കുകയാണ് ചെയ്യുക. റെയിൽവേ സ്റ്റേഷനിൽ പ്രധാന ഭാഗത്തു തന്നെ ഈ സ്റ്റാൾ സ്ഥാപിക്കാനാകും. ഇതൊരു സ്ഥിരം സംവിധാനമാണ്. പതിനഞ്ച് ദിവസം കഴിഞ്ഞാൽ സ്റ്റാളിൽ മറ്റൊരാൾക്ക് തന്റെ സാധനങ്ങൾ വിൽപ്പനയ്ക്ക് വെക്കാനാകും. ഇത് റൊട്ടേറ്റ് ചെയ്ത് ഒരിക്കൽ അവസരം ലഭിച്ചയാൾക്ക് വീണ്ടും ലഭിക്കാനും അവസരമുണ്ട്.

കരകൗശല വസ്തുക്കൾ, നാടൻ ഭക്ഷണ വിഭവങ്ങൾ, തേൻ മുതലായ കാട്ടുവിഭവങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ, കാർഷികോൽപ്പന്നങ്ങൾ തുടങ്ങിയ തദ്ദേശീയ ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കൾക്കെല്ലാം ഈ സ്റ്റാളുകൾ ഉപയോഗപ്പെടുത്താൻ കഴിയും. ഇത്തരം ഉൽപ്പന്നങ്ങൾ എല്ലായിടത്തും ലഭിക്കാത്തവയാണ്. മുഖ്യധാരാ വിപണിയിൽ ഇവ കൊണ്ടുവെക്കാൻ പലപ്പോഴും നിർമ്മാതാക്കൾക്ക് കഴിയണമെന്നില്ല. ഇതാണ് സാധ്യത. റെയിൽവേ സ്റ്റേഷൻ പോലെ തിരക്കേറിയതും ഇടത്തരക്കാരും സമ്പന്നരുമെല്ലാം വന്നുചേരുന്നതുമായ ഒരു കേന്ദ്രത്തിൽ വിൽപ്പന നടത്താൻ അവസരം ലഭിക്കുന്നു.

കേരളത്തിൽ നിരവധി റെയിൽവേ സ്റ്റേഷനുകളിൽ ഈ പദ്ധതി ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. വിൽക്കാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നങ്ങൾ തദ്ദേശീയ ഉൽപ്പന്നങ്ങൾ ആയിരിക്കണമെന്ന് നിർബന്ധമുണ്ട്. ഒപ്പം നിലവിൽ റെയിൽവേ സ്റ്റേഷനില്‍ വിറ്റുകൊണ്ടിരിക്കുന്ന ഉൽപ്പന്നങ്ങളുടെ സ്വഭാവമുള്ളവ ആയിരിക്കാനും പാടില്ല. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സ്റ്റാൾ സ്ഥാപിക്കാൻ പാടുള്ളതുമല്ല.

ഒരു പ്ലാറ്റ്ഫോമിൽ ഇത്തരം രണ്ടിൽ കൂടുതൽ സ്റ്റാളുകൾ പാടില്ലെന്നുണ്ട്. അഥവാ തിരക്കുള്ള സ്റ്റേഷനുകളിൽ ഒരു പ്ലാറ്റ്ഫോമിൽ രണ്ട് സ്റ്റാളുകൾക്കു വരെ സാധ്യതയുണ്ട്. സ്റ്റാൾ/കിയോസ്ക് ഇടാൻ പറ്റിയില്ലെങ്കിൽ ട്രോളികൾ അനുവദിക്കാനും വകുപ്പുണ്ട്.

സമൂഹത്തിന്റെ താഴെക്കിടയിലുള്ള വിഭാഗങ്ങളായിരിക്കണം ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തിരിച്ചറിഞ്ഞിട്ടുള്ള തദ്ദേശീയ ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കൾക്ക് മുൻഗണന ലഭിക്കും. ഡവലപ്മെന്റ് കമ്മീഷണർ ഹാൻഡിക്രാഫ്റ്റ്സ്, ഡവലപ്മെന്റ് കമ്മീഷണർ ഹാൻഡ്‌ലൂം തുടങ്ങിയ കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾ നല്‍കിയ ഐഡി കാർഡുകളുള്ളവർക്ക് ഈ മുൻഗണനയ്ക്ക് അർഹതയുണ്ട്. ട്രൈബൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് സൊസൈറ്റിയിൽ അംഗമായവരും, പ്രധാനമന്ത്രിയുടെ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാമിൽ (PMEGP) രജിസ്റ്റർ ചെയ്ത സ്വയംസഹായ ഗ്രൂപ്പുകൾക്കുമെല്ലാം അപേക്ഷിക്കാനാകും.
എങ്ങനെയാണ് അപേക്ഷിക്കുക?

റെയിൽവേ സ്റ്റേഷൻ മാസ്റ്ററിൽ നിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷാ ഫോമിൽ വേണം അപേക്ഷ സമർപ്പിക്കാൻ. സ്റ്റേഷൻ മാസ്റ്റർക്കാണ് സമർപ്പിക്കേണ്ടത്. 1000 രൂപയാണ് അടയ്ക്കേണ്ടത്.

റെയിൽവേക്ക് ലാഭമുണ്ടാക്കുക എന്ന ഉദ്ദേശ്യം ഈ പദ്ധതിക്കില്ലെന്ന് റെയിൽവേ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളിലെല്ലാം വ്യക്തമാക്കുന്നുണ്ട്. കുറഞ്ഞ വേതനക്കാരായ തദ്ദേശീയ ഉൽപ്പന്ന നിർമ്മാതാക്കൾക്ക് കുറച്ചുകൂടി മികച്ച വേതനം ലഭ്യമാകാൻ സഹായിക്കുക എന്നതാണ് ലക്ഷ്യം. ഇക്കാരണത്താലാണ് നാമമാത്രമായ ആയിരം രൂപ വാടകയായി ഈടാക്കുന്നത്. ഇതിൽ ജിഎസ്ടി അടക്കമുള്ളവ പോകും. എല്ലാവർക്കും അവസരം ലഭിക്കാൻ വേണ്ടിയാണ് പതിനഞ്ച് ദിവസം കൂടുമ്പോൾ റൊട്ടേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.
Previous Post Next Post