ചെറിയൊരു ആശ്വാസം; ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു സർക്കാർ, മാർച്ച് 15 മുതൽ വിതരണം



 തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു. മാർച്ച് 15 മുതൽ പെൻഷൻ വിതരണം ചെയ്യും. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണമടക്കം സജീവമായ സാഹചര്യത്തിലാണ് ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകുന്നത്. നേരത്തെ കുടിശിക തീർത്ത് മുഴുവൻ പെൻഷൻ തുകയും നൽകുമെന്ന് ധനമന്ത്രി അറിയിച്ചിരുന്നു.

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ക്ഷേമ പെൻഷൻ വിതരണവും പ്രതിസന്ധിയിലായത്. മാർച്ച് മാസം ഉൾപ്പെടെ ഏഴു മാസത്തെ പെൻഷൻ കുടിശികയാണ്.

ഒരു മാസത്തെ പെൻഷൻ അനുവദിച്ചതോടെ ഇനി ആറു മാസത്തെ പെൻഷൻ ആണ് കുടിശികയുള്ളത്. 1,600 രൂപ വീതമാണ് ഒരാൾക്ക് പെൻഷൻ നൽകുന്നത്. ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് 900 കോടി രൂപയാണ് വേണ്ടിവരുന്നത്.

ക്ഷേമ പെൻഷൻ വിതരണം ചെയ്യാത്തതിൽ എൽഡിഎഫ് യോഗത്തിൽ സിപിഐ വിമർശനം ഉന്നയിച്ചിരുന്നു. പെൻഷൻ കുടിശികയാകുന്നത് പ്രചാരണത്തിൽ തിരിച്ചടിയാകുമെന്നും സിപിഎം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഒരു മാസത്തെ പെൻഷൻ അനുവദിക്കാനുള്ള സർക്കാർ തീരുമാനം.

Previous Post Next Post