വീട്ടുകാരോട് പിണങ്ങി 16കാരി സുഹൃത്തിനൊപ്പം ചുരമിറങ്ങി, കുന്നംകുളത്ത് നിന്ന് കുട്ടിയെ കണ്ടെത്തി പൊലീസ്

 


തൃശൂര്‍: കുന്നംകുളം പുന്നയൂര്‍ക്കുളം അഞ്ഞൂരില്‍ നിന്നും കണ്ടെത്തിയ 16 കാരിയെ വയനാട് പനമരം പൊലീസ് നാട്ടിലേക്ക് തിരികെ കൊണ്ടുപോയി. പനമരം സ്റ്റേഷന്‍ അതിര്‍ത്തിയില്‍നിന്നും കാണാതായ 16 കാരിയായ പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടുകാരോടപ്പം അഞ്ഞൂര്‍ പരിസരത്തുനിന്ന് കഴിഞ്ഞ രാത്രിയാണ് കുന്നംകുളം  പൊലീസ് കണ്ടെത്തിയത്.

വീട്ടുകാരുമായി വഴക്കിട്ട പെണ്‍കൂട്ടി രണ്ടു ദിവസം മുമ്പാണ് പനമരത്തുനിന്ന് സുഹൃത്തിനോടപ്പം അഞ്ഞൂരിലെത്തിയത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ശനിയാഴ്ച  ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പനമരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടയാണ് പെണ്‍കുട്ടിയെ കുന്നംകുളം അഞ്ഞൂരില്‍ കണ്ടെത്തിയത്.

തൃശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവി അങ്കിത്ത് അശോകന്റെ സ്‌ക്വാഡ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ പനമരത്തുനിന്നും കൊണ്ടുവന്ന് കുന്നംകുളം അഞ്ഞൂരില്‍ ഒളിപ്പിച്ച് താമസിപ്പിച്ചിരിക്കുകയായിരുന്നു. കുന്നംകുളം പോലീസിന്റെ സഹായത്തോടെയാണ് പനമരം പൊലീസ് അഞ്ഞൂരിലെത്തിയത്. 

Previous Post Next Post