238 തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ തോറ്റ പത്മരാജന്‍ വീണ്ടും അങ്കത്തിന് ഇറങ്ങുന്നു.
തൃശൂരില്‍ നിന്നാണ് ഇത്തവണ പത്മരാജന്റെ മത്സരം.
തൃശൂര്‍ ലോകസഭാ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായിട്ടാണ് തമിഴ്‌നാട് സേലം സ്വദേശിയായ ഡോ. കെ പത്മരാജന്‍ മത്സരിക്കുന്നത്.  ജില്ലാ വരണാധികാരിക്ക് മുമ്ബാകെ അദ്ദേഹം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുകയും ചെയ്തു. 

തൃശൂരിൽ ലോകസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്ന ആദ്യ ആളും പത്മരാജനാണ്.
65 കാരനായ പത്മരാജന്‍ ടയർ റിപ്പയർ ഷോപ്പ് ഉടമയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ വരെ അദ്ദേഹം പതിവായി മത്സരിക്കും. 1988 ല്‍ തൻ്റെ ജന്മനാടായ തമിഴ്‌നാട്ടിലെ മേട്ടൂരില്‍ നിന്നാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തുടങ്ങിയത്. ഓരോ തോല്‍വിയും ആവേശമാക്കി മാറ്റുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. തൃശൂരിന് പുറമെ തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലെ ഒരു പാർലമെൻ്റ് സീറ്റിലും അദ്ദേഹം മത്സരിക്കുന്നുണ്ട്.
ഒരു തരത്തില്‍ നോക്കിയാല്‍ പത്മരാജനെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയവരില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പല പ്രമുഖരുമുണ്ട്. അതായത് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയി, മൻമോഹൻ സിംഗ്, രാഹുല്‍ ഗാന്ധി എന്നിവർക്കെതിരെയെല്ലാം പത്മരാജന്‍ മത്സരിച്ചിട്ടുണ്ട്. 2011ല്‍ മേട്ടൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പത്മരാജന് ആറായിരത്തിലധികം വോട്ട് ലഭിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ പരാജയപ്പെട്ട വ്യക്തിയെന്ന ലിംക ബുക്ക് ഓഫ് റെക്കോർഡും പത്മരാജന്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
acvnews
പത്രിക സമര്‍പ്പണവേളയില്‍ പത്മരാജന്റെ കൈവശം 49000 രൂപയും ഇന്ത്യന്‍ ബാങ്കില്‍ 1000 രൂപയും നിക്ഷേപമുണ്ട്. 5000 രൂപ വിലമതിക്കുന്ന 1987 രജിസ്റ്റേര്‍ഡ് ഇരുചക്രവാഹനവും 34 ഗ്രാം സ്വര്‍ണവുമുണ്ട്. ഇദ്ദേഹത്തിന്റെ പേരില്‍ സേലത്തെ മേട്ടൂര്‍ താലൂക്കില്‍ 11 ലക്ഷം വിലമതിക്കുന്ന 2000 സ്‌ക്വയര്‍ഫീറ്റില്‍ കൊമേർഷ്യല്‍ കെട്ടിടവും,23 ലക്ഷം വിലവരുന്ന 1311 സ്‌ക്വയര്‍ഫീറ്റില്‍ വീടും സ്വന്തമായുണ്ട്.
Previous Post Next Post