കോതമംഗലം പ്രതിഷേധം; 30 പേര്‍ക്കെതിരെ കേസ്, മാത്യു കുഴല്‍നാടന് ഇടക്കാല ജാമ്യം




കോതമംഗലം: കാട്ടാന ആക്രമണത്തില്‍ നേര്യമംഗലത്ത് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലം ടൗണില്‍ പ്രതിഷേധിച്ച സംഭവത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ക്കു ശേഷം പുലര്‍ച്ചെ രണ്ടരയോടെ ഇരുവര്‍ക്കും ഇടക്കാല ജാമ്യം ലഭിച്ചു.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തത്. ആശുപത്രിയില്‍ ആക്രമണം, മൃതദേഹത്തോട് അനാദരവ് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

ബലം പ്രയോഗിച്ചാണ് പൊലീസ് എംഎല്‍എ അടക്കമുള്ളവരെ സമരപന്തലില്‍ നിന്നും അറസ്റ്റ് ചെയ്തത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ബസും ജീപ്പും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇരു വാഹനങ്ങളുടേയും ചില്ലുകള്‍ പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തു.

റോഡ് ഉപരോധത്തിനെതിരെ ഡീന്‍ കുര്യാക്കോസ് എംപി, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഷിബു തെക്കുംപുറം എന്നിവരെ പ്രതിചേര്‍ത്തു. മാത്യു കുഴല്‍നാടനാണ് ഒന്നാംപ്രതി.
Previous Post Next Post