കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിലും ക്രമക്കേട്; 38 ലക്ഷം രൂപ കാണാനില്ല



തിരുവനന്തപുരം: സംസ്ഥാനത്ത് ഹിറ്റായി മാറിയ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസത്തിലും ക്രമക്കേട്. ബജറ്റ് ടൂറിസത്തില്‍ 38 ലക്ഷം രൂപ കാണാനില്ല. ഡിപ്പോകളില്‍ സര്‍വീസ് നടത്തി ശേഖരിച്ച പണം കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്.

ഇതേത്തുടര്‍ന്ന് ബജറ്റ് ടൂറിസത്തിന്റെ ചുമതലയുള്ള ചീഫ് ട്രാഫിക് മാനേജര്‍, സംസ്ഥാന കോ ഓഡിനേറ്റര്‍ എന്നിവരെ സ്ഥാനത്തു നിന്നും മാറ്റി. മാസം 2.5 കോടിയാണ് ബജറ്റ് ടൂറിസത്തിലൂടെ കെഎസ്ആര്‍ടിസിക്ക് വരുമാനം ലഭിച്ചിരുന്നത്.

ഇതിനിടെയാണ് ജനകീയമായ ബജറ്റ് ടൂറിസം പ്രോജക്ടിന് നാണക്കേടായി തട്ടിപ്പിന്റെ കഥകള്‍ കൂടി പുറത്തുവരുന്നത്. ഇതേത്തുടര്‍ന്ന് കൃത്യമായ ഓഡിറ്റിങ് കൊണ്ടുവരാന്‍ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.

ഒരു മാസം സംസ്ഥാനത്താകെ 600 സർവീസുകളാണ് ബജറ്റ് ടൂറിസത്തിൽ നടത്തുന്നത്.മറ്റു സർവീസുകൾ മുടങ്ങാതെ വേണം ബജറ്റ് ടൂറിസത്തിന് സർവീസ് കണ്ടെത്തേണ്ടതെന്നും യോഗത്തിൽ മന്ത്രി നിർദേശിച്ചിട്ടുണ്ട്. അവധിക്കാലത്ത് കൂടുതൽ സർവീസ് നടത്താനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്
Previous Post Next Post