ലിബിയയിലെ കൂട്ട ശവക്കുഴിയിൽ നിന്ന് കണ്ടെത്തിയത് 65ലേറെ മൃതദേഹങ്ങൾ, മനുഷ്യക്കടത്ത് സംശയത്തിൽ യുഎൻലിബിയ: 65ലേറെ കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ ലിബിയയിലെ ശവക്കുഴിയിൽ നിന്ന് കണ്ടെത്തിയതായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് മൈഗ്രേഷൻ. മനുഷ്യക്കടത്ത് സംഘങ്ങൾ അനിധികൃതമായി കടത്തിക്കൊണ്ട് വന്നതെന്ന് സംശയിക്കുന്ന ആളുകളുടെ മൃതദേഹാവശിഷ്ടങ്ങളാണ് തെക്ക് പടിഞ്ഞാറൻ ലിബിയയിൽ നിന്ന് കണ്ടെത്തിയത്. മെഡിറ്ററേനിയൻ മേഖലയിലേക്ക് മരുഭൂമിയിലൂടെയാവാം ഇവരെ കടത്തിക്കൊണ്ടുവന്നതെന്നാണ് ഐഒഎം സംശയിക്കുന്നത്. യുണൈറ്റഡ് നാഷൻസിന്റെ ഭാഗമായി കുടിയേറ്റക്കാർക്കായി പ്രവർത്തിക്കുന്ന സംഘടനയാണ് ഐഒഎം.

കുടിയേറ്റക്കാർ ചെന്നെത്തുന്ന സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളും ഇത്തരം സാഹചര്യങ്ങളിൽ മനുഷ്യ മരണം വർധിക്കുന്നതും വ്യക്തമാക്കുന്നതാണ് നിലവിലെ സംഭവം. മരിച്ച ആളുകളുടെ പേര് വിവരമോ ഇവർ ഏത് രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നതോ സംബന്ധിച്ച വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ലെന്നാണ് ഐഒഎം വിശദമാക്കുന്നത്. മനുഷ്യക്കടത്ത് പോലയുള്ള സംഭവങ്ങളിൽ നിയമപരമായ കുടിയേറ്റം നടത്തുന്ന രാജ്യങ്ങളുടെ ശ്രദ്ധ എത്തേണ്ടത് അത്യാവശ്യമാണെന്നും ഐഒഎം ആവശ്യപ്പെടുന്നു. മെഡിറ്ററേനിയൻ മുറിച്ച് കടന്ന യൂറോപ്പിലേക്ക് എത്താനായി ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ യാത്രയുടെ ആരംഭസ്ഥാനമാണ് ലിബിയ.

മരണപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് മാന്യമായ അന്ത്യയാത്ര ഒരുക്കാൻ മരണപ്പെട്ടവരെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്നും ജനീവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐഒഎം വിശദമാക്കുന്നു. റബ്ബർ ഡിങ്കി ബോട്ടുകളിൽ യൂറോപ്പിലേക്ക് എത്താനായി ശ്രമിച്ച 60ൽ അധികം കുടിയേറ്റക്കാർ മെഡിറ്ററേനിയൻ കടലിൽ അപകടത്തിൽപ്പെട്ട് മരിച്ചത് അടുത്തിടെയാണ്. രേഖപ്പെടുത്തിയ കണക്കുകളുടെ അടിസ്ഥാനത്തിൽ ഏറ്റവുമധികം കുടിയേറ്റക്കാർ പാലായനത്തിന് ഇടയിൽ മരണപ്പെട്ട വർഷമാണ് 2023. ലോകത്തിന്റെ വിവിധാ ഭാഗങ്ങളിലായി 8565ഓളം കുടിയേറ്റക്കാർ 2023ൽ മാത്രം മരണപ്പെട്ടതായാണ് കണക്കുകൾ.

Previous Post Next Post