സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ വച്ച് ഭാരത് അരി വിതരണം തടഞ്ഞ് സിപിഎം . പാവപ്പെട്ടവര്‍ക്കുള്ള അരിവിതരണമാണ് നടത്താൻ ശ്രമിച്ചതെന്ന് ബിജെപി


പാലക്കാട്: കൊടുമ്പില്‍ എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ വച്ച് ബിജെപി ഭാരത് അരി വിതരണത്തിന് നീക്കം നടത്തിയെന്ന് സിപിഎം. പാലക്കാട് എൻഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്‍റെ ഫോട്ടോയാണ് ഭാരത് റൈസ് വിതരണത്തിന് ബിജെപി ഉപയോഗപ്പെടുത്താൻ ശ്രമിച്ചത്. എന്നാലിതിനെതിരെ സമയബന്ധിതമായി സിപിഎം എത്തുകയായിരുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ വച്ച് അരി നല്‍കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് സിപിഎം ചൂണ്ടിക്കാട്ടി. ഭാരത് റൈസ് വിതരണവുമായി ബന്ധപ്പെട്ട് എൻഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയും ചിഹ്നവും ഉപയോഗിച്ച് പോസ്റ്റര്‍ തയ്യാറാക്കി ബിജെപി സമൂഹാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. 

പാലക്കാട് കൊടുമ്പ് ജംഗ്ഷനിൽ രാവിലെ 9 മണിക്ക് ഭാരത് അരി വിതരണം ചെയ്യും, എല്ലാവരും എത്തിച്ചേരണം- എന്നെഴുതിയ പോസ്റ്റർ വാട്സ് ആപിലൂടെയും  കൊടുമ്പ് മേഖലയിൽ ബിജെപി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിപിഎം പരാതിയുമായി രംഗത്തെത്തിയത്. അങ്ങനെ അരി വിതരണം നടക്കുമെന്നറിയിച്ച സമയത്ത് അവിടെ സിപിഎം പ്രവര്‍ത്തകരെത്തി. അരി വിതരണം തടയുക തന്നെയായിരുന്നു ലക്ഷ്യം. 

ഭാരത് റൈസ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ്, അതുതന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട പദ്ധതിയാണ്, അതിനെ പാലക്കാട് ബിജെപി വോട്ടാക്കി മാറ്റാൻ ശ്രമിക്കുകയാണ്, അത് അനുവദിക്കാൻ സാധിക്കില്ലെന്ന് സിപിഎം നേതാവ് നിതിൻ കണ്ടിച്ചേരി പറഞ്ഞു.

അതേസമയം സംഭവം സിപിഎമ്മിന്‍റെ ആരോപണം മാത്രമാണ്, വാര്‍ത്തയുണ്ടാക്കലാണ് സിപിഎമ്മിന്‍റെ ലക്ഷ്യം, പാവപ്പെട്ടവര്‍ക്കുള്ള അരിവിതരണമാണ് നടത്താൻ ശ്രമിച്ചതെന്നും ബിജെപി നേതാവ് ദീപക്കും പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് അരിവിതരണം നടന്നിട്ടില്ല. എന്നാല്‍ ഇനിയും ഇത് നടത്താനുള്ള ആലോചനയിലാണ് ബിജെപി. തടയുമെന്ന് സിപിഎമ്മും ആവര്‍ത്തിക്കുന്നു. അങ്ങനെയെങ്കില്‍  ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നാണ് ബിജെപി അറിയിക്കുന്നത്.
Previous Post Next Post