കേരള സര്‍വകലാശാല കോഴക്കേസ്; ആരോപണ വിധേയനായ വിധികര്‍ത്താവ് മരിച്ച നിലയിൽ, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

 


കണ്ണൂര്‍/തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന കേരള സര്‍വകലാശാല കലോത്സവുമായി ബന്ധപ്പെട്ട കോഴക്കേസിൽ ആരോപണ വിധേയനായ വിധി  കര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ ഷാജിയെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരിലെ വീട്ടിലാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ ഷാജിയെ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. നിരപരാധിയാണെന്നും കോഴ വാങ്ങി വിധി നിര്‍ണയം നടത്തിയില്ലെന്നുമാണ് കുറിപ്പിലുള്ളത്. കേരള സര്‍വകലാശാല കലോത്സവ കോഴക്കേസിലെ ഒന്നാം പ്രതിയായിരുന്നു. നാളെ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ ഹാജരാകാൻ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.

ഷാജി അടക്കം നാലു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബാക്കി മൂന്നു പേരില്‍ രണ്ടുപേര്‍ നൃത്ത പരിശീലകരും ഒരാള്‍ സഹായിയുമാണ്. കലോത്സവത്തിലെ വിവാദമായ മാര്‍ഗം കളി മത്സരത്തിന്‍റെ വിധി കര്‍ത്താവായിരുന്നു ഷാജി. മാര്‍ഗം കളി മത്സരത്തിന്‍റെ ഫലം പരാതിയെതുടര്‍ന്ന് തടഞ്ഞുവെച്ചിരിക്കുകയാണ്. ഷാജിയുടെ ഫോണിലേക്ക് ഇടനിലക്കാര്‍ മത്സരാര്‍ത്ഥികളെ തിരിച്ചറിയാൻ അയച്ചുകൊടുത്ത ചിത്രങ്ങല്‍ സംഘാടകര്‍ പൊലീസിന് കൈമാറിയിരുന്നു.

കണ്ണൂര്‍ മേലെ ചൊവ്വയിലെ വീട്ടിനുള്ളിലാണ് ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, നിരപരാധിയാണെന്നും ഒരു പൈസയും വാങ്ങിയിട്ടില്ലെന്നും ഇതാണ് സത്യമെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. സത്യം, സത്യം, സത്യം എന്ന് മൂന്നു തവണ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. തെറ്റ് ചെയ്യില്ലെന്ന് അമ്മയ്ക്ക് അറിയാം. പിന്നില്‍ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെയന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. കലോത്സവത്തിന്‍റെ വിധി നിര്‍ണയത്തിനായി വിധി കര്‍ത്താക്കള്‍ക്ക് നല്‍കുന്ന ജഡ്ജ് റിമാര്‍ക്സ് ഷീറ്റിലാണ് ആത്മഹത്യാക്കുറിപ്പ് എഴുതിയിരിക്കുന്നത്. പണം വാങ്ങിയിട്ടില്ലെന്ന് കസ്റ്റഡിയില്‍ എടുത്ത സമയത്ത് ഷാജി പൊലീസിനോട് പറഞ്ഞിരുന്നു. കൂടുതല്‍ പ്രതികരണത്തിനും ഷാജി തയാറായിരുന്നില്ല.

Previous Post Next Post