ഉച്ചത്തില്‍ സംസാരിച്ചാല്‍ അതെങ്ങനെ അടിപിടിയാകും?; കയ്യാങ്കളി ഉണ്ടായിട്ടില്ലെന്ന് മന്ത്രി വാസവന്‍


പത്തനംതിട്ട : സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഏതെങ്കിലും തരത്തില്‍ പ്രശ്‌നമുണ്ടായിട്ടില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. രാത്രി പത്തര വരെ അവിടെയുണ്ടായിരുന്നു. അവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായതായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വാസവന്‍ പറഞ്ഞു.

കമ്മിറ്റിയില്‍ ഒരു വിഷയത്തില്‍ ഉച്ചത്തില്‍ സംസാരിച്ചാല്‍ അതെങ്ങനെയാണ് അടിപിടിയും കയ്യാങ്കളിയുമാകുന്നത്?. ഇതൊരു അഭിപ്രായമുള്ള കമ്മിറ്റിയല്ലേ. അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചാല്‍ അതെങ്ങനെ ബഹളവും അടിപിടിയുമൊക്കെയാകുന്നത്. അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. അങ്ങനെയെങ്കില്‍ അവിടെയുണ്ടായിരുന്ന ആരെങ്കിലും പറയട്ടെ.

തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാക്കിയ അടിസ്ഥാനരഹിതമായ വാര്‍ത്തയാണിത് എന്നും മന്ത്രി വാസവന്‍ പറഞ്ഞു. സമ്മേളനം അവിടെ വേണം ഇവിടെ വേണം എന്നെല്ലാം ചര്‍ച്ചയുണ്ടായിട്ടുണ്ട്. പത്മകുമാറിനെ മര്‍ദ്ദിച്ചതായി അദ്ദേഹം പറഞ്ഞിട്ടില്ല. കമ്മിറ്റി ചര്‍ച്ച ചെയ്ത് കണ്‍ക്ലൂഡ് ചെയ്ത് വിഷയമെല്ലാം തീരുമാനിച്ച് അവിടെ നിന്നും പോരുന്നതുവരെ ഒരു പ്രശ്‌നവും ആ കമ്മിറ്റിയ്ക്കകത്ത് ഉണ്ടായിട്ടില്ല.

രാത്രി വല്ല വിഷയവും ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും. പക്ഷെ താന്‍ പോരുന്നതിന് മുമ്പു തന്നെ ഹര്‍ഷകുമാര്‍ അവിടെ നിന്നും പോയിരുന്നു. അതുകൊണ്ടു തന്നെ അങ്ങനെയൊരു പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയില്ലല്ലോ എന്നും മന്ത്രി വാസവന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് പൊടിപ്പും തൊങ്ങലും വെച്ച് വാര്‍ത്ത സൃഷ്ടിക്കാന്‍ ആളുകല്‍ നോക്കിനില്‍ക്കുകയാണ്. അതിന്റെ ഭാഗം മാത്രമാണ് ഇത്തരം വാര്‍ത്തകളെന്നും മന്ത്രി വാസവന്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെന്നാണ് വാർത്തകൾ വന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന്റെ പ്രചാരണത്തില്‍ നേതാക്കളില്‍ ചിലര്‍ ഉഴപ്പുന്നതായി ഒരു നേതാവ് ആരോപണം ഉന്നയിച്ചു. ഇതില്‍ പ്രകോപിതനായി മറ്റൊരംഗം അതിരൂക്ഷമായി പ്രതികരിച്ചതോടെയാണ് യോഗത്തില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറുന്നത്. മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം ചേര്‍ന്നത്.
Previous Post Next Post