കേരള സർവകലാശാല യുവജനോത്സവം; ഇൻതിഫാദ എന്ന പേര് വിലക്കി വിസിതിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിന് ഇൻതിഫാദ എന്ന് പേരു നൽകുന്നതിനെ വിലക്കി വൈസ് ചാൻസിലർ. ഇസ്രയേലിനെതിരേ പലസ്തീൻ ഉപയോഗിക്കുന്ന പേരായതിനാൽ കലോത്സവത്തിൽ ഉപയോഗിക്കരുതെന്ന് കാട്ടി വിസിക്ക് പരാതി ലഭിച്ചിരുന്നു. ഈ പേരിന് കലയുമായോ സംസ്ക്കാരവുമായോ ബന്ധമില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു. എസ്എഫ്ഐ നയിക്കുന്ന കേരള സർവകലാശാല യൂണിയനോട് വിശദീകരണം ചോദിച്ചെങ്കിലും നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് വിസി മോഹനൻ കുന്നുമ്മൽ പേര് മാറ്റാൻ നിദേശം നൽകിയത്.
ഈ മാസം 7 മുതൽ 11 വരെയാണ് കലോത്സവം നടക്കുന്നത്. കലോത്സവത്തിന് 'ഇന്‍തിഫാദ' എന്നു പേരിട്ടിരിക്കുന്നതിനെതിരെയാണ് കൊല്ലം അഞ്ചല്‍ സ്വദേശിയായ എ.എസ്. ആഷിഷ് ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു. ഹൈക്കോടതി ഇടപെട്ടതിനെ തുടർന്നാണ് വിസിയുടെ നടപടി. ഹർജിയിൽ പ്രാഥമിക വാദം കേട്ട ശേഷം ബെഞ്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കേരള സർവകലാശാല എന്നിവർക്ക് നോട്ടീസ് അയച്ചിരുന്നു. വൈസ് ചാൻസലർക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് നൽകാനും നിർദേശം നൽകിയിരുന്നു.
ഒരു വിഭാഗത്തിനെതിരേ അക്രമം പ്രോത്സാഹിപ്പിക്കനാണ് ഈ പദം ഉപയോഗിക്കുന്നത്. ഇൻതിഫാദ എന്ന വാക്ക് അസ്വസ്ഥമാക്കുന്നു. തകിടം മറിക്കുക എന്നതിന്‍റെ അറബിക് പദമാണ് ഇൻതിഫാദ. ഇത് ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ച് എബിവിപി പേരിനെതിരെ പ്രസ്താവനയിറക്കി.
Previous Post Next Post