സിഎഎ റദ്ദാക്കും, ജാതി സെന്‍സസ് നടപ്പാക്കും, തൊഴിലുറപ്പ് പദ്ധതി മിനിമം വേതനം 700 രൂപയാക്കും; സിപിഐ പ്രകടന പത്രിക


ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നിയമം റദ്ദാക്കുമെന്ന് സിപിഐ പ്രകടനപത്രികയില്‍ വാഗ്ദാനം. ജാതി സെന്‍സസ് നടപ്പിലാക്കും. അഗ്നിപഥ് പദ്ധതി നിര്‍ത്തലാക്കും. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മിനിമം വേതനം 700 രൂപയാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

ഗവർണർ പദവി ഇല്ലാതാക്കും. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ പാർലമെന്റിനു കീഴിൽ കൊണ്ടുവരും. വനിതാ സംവരണം വേഗം നടപ്പിലാക്കും. പഞ്ചായത്ത് രാജ് സംവിധാനത്തിൽ 50 ശതമാനം വനിതാ സംവരണം കൊണ്ടുവരും. കശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കുകയും തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്യും.

മിനിമം താങ്ങുവില അടക്കം ക‍‍ർഷകർക്ക് ഉറപ്പാക്കുന്ന സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കും. തൊഴിൽ മൗലിക അവകാശമാക്കും. പിന്നാക്ക വിഭാഗങ്ങൾക്ക് സ്വകാര്യ മേഖലയിൽ സംവരണം ഏർപ്പെടുത്തും. ‌ നീതി ആയോഗ് റദ്ദാക്കി പ്ലാനിംഗ് കമ്മീഷൻ പുനഃസ്ഥാപിക്കും. സാമൂഹ്യ ക്ഷേമ പദ്ധതികളിൽ അധാർ ബന്ധിപ്പിക്കുന്നത് ഒഴിവാക്കും.

യുഎപിഎ റദ്ദാക്കും. പുതിയ വിദ്യാഭ്യാസ നയം റദ്ദാക്കും. ട്രാൻസ്ജെൻഡേഴ്സിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ഏർപ്പെടുത്തും. സച്ചാർ കമ്മിറ്റി, രംഗനാഥ മിശ്ര കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്വാതന്ത്ര്യം സംരക്ഷിക്കും. തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമന രീതി മാറ്റും. തുടങ്ങിയവയാണ് സിപിഐ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ.
Previous Post Next Post