പോളിങ് ഡ്യൂട്ടിക്ക് വന്ന അദ്ധ്യാപകൻ മദ്യപിച്ചുവെന്ന് സംശയം പൊലീസിന് കൈമാറി


പത്തനംതിട്ട: പോളിങ് ഡ്യൂട്ടിക്ക് വന്ന അദ്ധ്യാപകൻ മദ്യപിച്ചുവെന്ന സംശയത്തെ തുടർന്ന് ഉപവരണാധികാരി പൊലീസിന് കൈമാറി. പൊലീസ് നടത്തിയ പരിശോധനയിൽ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടെങ്കിലും മെഡിക്കൽ പരിശോധന നടത്തിയില്ല. ഇതിനിടെ താൻ ഇന്നലെ മദ്യപിച്ചതാണെന്നും കെട്ടിറങ്ങിയിട്ടില്ലെന്നും അദ്ധ്യാപകന്റെ സാക്ഷ്യപത്രം. ഇതോടെ ഇദ്ദേഹത്തെ ഡ്യൂട്ടി റിസർവിലേക്ക് മാറ്റി. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം തുടർ നടപടിയുണ്ടാകും.
റാന്നി നിയോജകമണ്ഡലത്തിലെ ഒരു സ്‌കൂളിൽ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് സ്വദേശിയായ അദ്ധ്യാപകനെയാണ് ആറന്മുള നിയോജക മണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ മൈലപ്ര മൗണ്ട് ബഥനിയിൽ നിന്ന് ഉപവരണാധികാരി പൊലീസിന് കൈമാറിയത്. രാവിലെ കൃത്യസമയത്ത് തന്നെ ഇദ്ദേഹം പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങാൻ എത്തിയിരുന്നു. മദ്യത്തിന്റെ രൂക്ഷഗന്ധം വന്നതിനെ തുടർന്നാണ് സംശയം തോന്നി പൊലീസിന് കൈമാറിയത്.
Previous Post Next Post