ജൂണ്‍ മാസം വരെയുള്ള ഡ്രൈവിങ് ടെസ്റ്റ് തീയതികള്‍ റദ്ദാക്കി


കൊച്ചി: ഡ്രൈവിങ് ടെസ്റ്റിനായി ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി. ജൂൺ 3 വരെ നൽകിയിരുന്ന തീയതികളാണ് റദ്ദാക്കിയതായി അറിയിപ്പു ലഭിച്ചത്. ഒറ്റ ദിവസം ടെസ്റ്റിന് അനുവദിക്കുന്നവരുടെ എണ്ണം കുറയ്‌ക്കാൻ ഗതാഗത മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് മെയ് 1 മുതൽ നൽകിയിരുന്ന ടെസ്റ്റ് തീയതികൾ റദ്ദാക്കിയത്
ഇതോടെ എറണാകുളം ആര്‍ടി ഓഫീസില്‍ നിന്ന് തീയതി ലഭിച്ച 2000 ത്തോളം പരീക്ഷാര്‍ഥികളുടെ ഡ്രൈവിങ് ടെസ്റ്റ് അവതാളത്തിലായി. മുമ്പ് 100 മുതൽ 200 പേർ വരെയാണ് പ്രതിദിനം ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയിരുന്നത്. എന്നാൽ ഇത് മെയ് 1 മുതൽ 50 ആക്കി വെട്ടിക്കുറച്ചതായി വെബ്സൈറ്റ് ക്രമീകരിച്ചു. എന്നാലിതിനു ശേഷം 30 ആക്കി വീണ്ടും കുറച്ചു. ഇതോടെയാണ് വെബ്സൈറ്റിലൂടെ ലഭ്യമായ തീയതികൾ റദ്ദായത്.
ടെസ്റ്റുകൾ റീഷെഡ്യുൾ ചെയ്യുന്നതിനായി സൈറ്റിൽ കയറി വീണ്ടും പുതിയ തീയതി തിരഞ്ഞെടുക്കേണ്ടതായി വരും. പ്രതിദിനം 30 അപേക്ഷകർക്ക് മാത്രമാകും ടെസ്റ്റിന് ഹാജരാകാൻ അനുമതി നൽകുക. 20 പുതിയ അപേക്ഷകർക്കും മുമ്പ് പരാജയപ്പെട്ട 10 പേർക്കുമാണ് ടെസ്റ്റിന് തീയതി ലഭിക്കുക.
ഇത് സംബന്ധിച്ചുള്ള എസ്എംഎസ് ആളുകൾക്ക് എത്തിയതായി എംവിഡി വ്യക്തമാക്കി. എന്നാൽ എസ്എംഎസ് അറിയിപ്പില്‍ കാരണമായി കൊവിഡ് 19 ആണ് കാണിച്ചിരിക്കുന്നത്. മേയ് ആദ്യവാരം മുതല്‍ പുതിയരീതി നടപ്പാക്കുമെന്നാണു മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്
Previous Post Next Post