പ്രിയങ്കയ്ക്കൊപ്പം പ്രവര്‍ത്തകരെ ഇളക്കിമറിച്ച് രാഹുല്‍; വന്‍ റോഡ് ഷോ, പത്രികാ സമര്‍പ്പണം


കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് പ്രവര്‍ത്തകരെ ഇളക്കിമറിച്ചായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി എത്തിയ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം റോഡ് ഷോയില്‍ അണിനിരന്നു. റോഡ് ഷോയ്ക്കായി വന്‍ ജനാവലിയാണ് കല്‍പറ്റയിലേക്ക് ഒഴുകിയെത്തിയത്.

രാഹുലിനും പ്രിയങ്കയ്ക്കും പുറമേ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസന്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ്, യുവനേതാവ് കനയ്യ കുമാര്‍, കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫ്, കല്‍പറ്റ എംഎല്‍എ ടി സിദ്ദിഖ് തുടങ്ങിയവര്‍ രാഹുലിനൊപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നു.

ഹെലികോപ്റ്ററിലാണ് മൂപ്പൈനാട് തലക്കല്‍ ഗ്രൗണ്ടിലേക്ക് രാഹുലും പ്രിയങ്കയും എത്തിയത്. ഹെലിപാഡിനു സമീപം തടിച്ചുകൂടിയ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് രാഹുല്‍ റോഡ് ഷോയ്ക്കായി പോയത്. വയനാടിനു പുറമേ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും കല്‍പറ്റയില്‍ എത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
Previous Post Next Post