നാട്ടിലെത്തിയത് ഒരു അത്ഭുതം പോലെ തോന്നുന്നു; കേന്ദ്രമന്ത്രി വി മുരളീധരന് നന്ദി പറഞ്ഞ് ഡേവിഡ് മുത്തപ്പൻ

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന് നന്ദി പറഞ്ഞ് തിരുവനന്തപുരം സ്വദേശി ഡേവിഡ് മുത്തപ്പൻ. റഷ്യയിലെ യുദ്ധമുഖത്ത് നിന്നും നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജന്മനാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞത് ഒരു അത്ഭുതമായിട്ടാണ് തോന്നുന്നത് എന്നും ഡേവിഡ് കൂട്ടിച്ചേർത്തു.

നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞത് ഒരു അത്ഭുതമായിട്ടാണ് തോന്നുന്നത്. പലരുടെയും സഹായത്താലാണ് ഇതിന് സാധിച്ചത്. മോചനത്തിനായി ഇടപെട്ട കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരന് നന്ദി. ശശി തരൂരിനും നന്ദി പറയുന്നുവെന്നും ഡേവിഡ് കൂട്ടിച്ചേർത്തു.

ഇന്നലെ രാത്രിയോടെയായിരുന്നു ഡേവിഡ് നാട്ടിൽ തിരിച്ചെത്തിയത്. രണ്ട് ദിവസം മുമ്പ് ഡൽഹിയിലെത്തിയിരുന്ന അദ്ദേഹം അവിടെ നിന്നും ട്രെയിനിലാണ് തിരുവനന്തപുരത്ത് എത്തിയത്. ബന്ധുക്കൾ റെയിൽവേ സ്റ്റേഷനിൽ എത്തി ഡേവിഡിനെ സ്വീകരിച്ചു.

ഡേവിഡ് മുത്തപ്പന് പുറമെ റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു. ഇവിടെ സിബിഐ ഓഫീസിൽ മൊഴികൊടുത്ത ശേഷം പ്രിൻസിനെ നാട്ടിലേക്ക് അയക്കും. യുദ്ധത്തിനിടെ പ്രിൻസിന് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനാൽ എംബസിയുടെ സഹായത്തോടെയായിരുന്നു പ്രിൻസ് ഡൽഹിയിൽ എത്തിയത്.
പ്രിൻസിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്.
Previous Post Next Post