പ്രിവിയയുടെ മരണം കൊലപാതകം തന്നെ; അക്രമിയും ജീവനൊടുക്കി


പട്ടാമ്പിയിൽ റോഡരികിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. കാങ്ങാട്ടുപടി സ്വദേശി പ്രിവിയ (30) ആണ് മരിച്ചത്. ഈ മാസം 29 ന് പ്രിവിയയുടെ വിവാഹം നിശ്ചയിച്ചിരുന്നു. യുവതിയെ ആക്രമിച്ചത് തൃത്താല ആലൂർ സ്വദേശിയായ സന്തോഷാണെന്ന് വ്യക്തമായി.

കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സന്തോഷിനെ അതീവ ഗുരുതരാവസ്ഥയിൽ എടപ്പാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാളും മരിച്ചു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇതിൽ നിന്ന് പ്രിവിയ പിന്മാറി മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് കൊലപാതകത്തിന് പ്രകോപനമെന്നും പൊലീസ് സംശയിക്കുന്നു.
നേരത്തെ മറ്റൊരാളെ വിവാഹം ചെയ്ത പ്രിവിയ പിന്നീട് ഈ ബന്ധം വേര്‍പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് പ്രിവിയ സന്തോഷുമായി അടുപ്പത്തിലായത്. തന്നെ വിവാഹം കഴിക്കണമെന്ന് സന്തോഷ് പ്രിവിയയെ നിര്‍ബന്ധിച്ചിരുന്നു. എന്നാൽ പ്രിവിയ ഇതിന് തയ്യാറാകാതെ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചത്. ഇതിലെ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
ഇന്ന് രാവിലെയാണ് പാലക്കാട് പട്ടാമ്പി കൊടുമുണ്ടയ്ക്ക് സമീപത്ത് പ്രിവിയയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് സമീപത്തായി ഇരുചക്രവാഹനവും കണ്ടെത്തിയിരുന്നു. ഈ ഹോണ്ട ഡിയോ സ്കൂട്ടര്‍ നിലത്ത് മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. മൃതദേഹം തൊട്ടടുത്തായിരുന്നു. വയലിനോട് ചേര്‍ന്ന് റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് പുല്ല് കത്തിക്കരിഞ്ഞ നിലയിലാണ്.
സംഭവം കൊലപാതകമാണെന്ന് പൊലീസിന് തുടക്കത്തിൽ തന്നെ സംശയം തോന്നിയിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അക്രമി സന്തോഷാണെന്നും ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും മനസിലായത്. മരിച്ച പ്രിവിയക്ക് 30 വയസായിരുന്നു പ്രായം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി
Previous Post Next Post