പാവപ്പെട്ടവർക്ക് സമാധാനം ലഭിക്കുന്നത് മദ്യപിക്കുമ്പോൾ മാത്രം ; സബ്സിഡി നിരക്കിൽ വിസ്കിയും ബിയറും ലഭ്യമാക്കും ; വ്യത്യസ്ത വാഗ്ദാനവുമായി ഒരു സ്ഥാനാർത്ഥി


മുംബൈ : തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മണ്ഡലത്തിലെ ജനങ്ങൾക്ക് പലതരം വാഗ്ദാനങ്ങൾ നൽകുന്ന സ്ഥാനാർത്ഥികളെ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ മഹാരാഷ്ട്രയിലെ ഈ സ്ഥാനാർത്ഥി ഇതുവരെ ആരും ചിന്തിച്ചിട്ടില്ലാത്ത വ്യത്യസ്തമായ ഒരു വാഗ്ദാനമാണ് ജനങ്ങൾക്ക് നൽകിയിട്ടുള്ളത്. പാവപ്പെട്ടവർക്കായി സബ്സിഡി നിരക്കിൽ വിസ്കിയും ബിയറും നൽകുമെന്നാണ് മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ചിമൂറിൽ ഒരു സ്ഥാനാർത്ഥി പ്രഖ്യാപിച്ചിട്ടുള്ളത്.

സ്വതന്ത്ര സ്ഥാനാർഥിയായ വനിത റൗട്ട് ആണ് ഇത്തരത്തിൽ വ്യത്യസ്തമായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുള്ളത്. താൻ തിരഞ്ഞെടുക്കപ്പെട്ടാൽ എല്ലാ ഗ്രാമത്തിലും ബിയർ ബാറുകൾ തുറക്കുമെന്നും വനിത റൗട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഖിൽ ഭാരതീയ മാനവതാ പാർട്ടി സ്ഥാനാർത്ഥിയായാണ് വനിത റൗട്ട് മത്സരിക്കുന്നത്.

“പാവപ്പെട്ട ജനങ്ങൾ വളരെയധികം കഷ്ടപ്പെട്ടാണ് ഇവിടെ ജീവിക്കുന്നത്. അവർക്ക് മനസമാധാനം കിട്ടുന്നത് മദ്യപിക്കുമ്പോൾ മാത്രമാണ്. ആ പാവപ്പെട്ടവർക്ക് വിദേശമദ്യങ്ങളായ വിസ്കി ബിയർ ഒന്നും വാങ്ങാനുള്ള ശേഷിയില്ല. എല്ലാ ജനങ്ങളും വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന മദ്യത്തിന്റെ രുചി അറിയണമെന്നാണ് എന്റെ ആഗ്രഹം. 

ജനങ്ങൾ എന്നെ എംപിയായി തിരഞ്ഞെടുക്കുകയാണെങ്കിൽ എല്ലാ ഗ്രാമത്തിലും ബിയർ ബാറുകൾ തുറക്കാനും പാവപ്പെട്ട ജനങ്ങൾക്ക് സബ്സിഡി നിരക്കിൽ വിസ്കിയും ബിയറും നൽകാനും ആയിരിക്കും തന്റെ എംപി ഫണ്ട് വിനിയോഗിക്കുക” എന്നാണ് വനിത റൗട്ട് പ്രഖ്യാപിച്ചത്.
Previous Post Next Post