നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡില്‍…23 കാരിയായ അമ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ്…യുവതി പീഡനത്തിന് ഇരയായെന്ന് സംശയം…


കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 23 കാരി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ജനിച്ച് മൂന്ന് മണിക്കുറിനുള്ളിൽ സമീപത്തെ ഫ്ലാറ്റിലെ താമസക്കാരിയായ അമ്മ കുഞ്ഞിനെ നടുറോഡിലേയ്ക്ക് എറിയുകയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകമാണോയെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. യുവതി ബലാത്സംഗത്തിന് ഇരയായി എന്ന സംശയം അന്വേഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മകൾ ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾക്ക് അറിയുമായിരുന്നില്ലെന്നാണ് നിഗമനം.പ്രസവം നടന്നത് ഇന്ന് പുലര്‍ച്ചെയായിരുന്നു എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പ്രസവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം കുഞ്ഞിനെ പുറത്തേക്ക് എറിയുകയായിരുന്നു. പെട്ടെന്നുണ്ടായ പരിഭ്രാന്തിയിലാണ് കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഗര്‍ഭിണിയാണെന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. യുവതിയെ വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.Previous Post Next Post