ഷാഡോ പൊലീസെന്ന വ്യാ‍ജേന അക‍്രമം... യുവാക്കൾക്ക് ക്രൂര മർദ്ദനം

തിരുവനന്തപുരത്ത് ഷാഡോ പൊലീസാണെന്ന് പറഞ്ഞ് യുവാക്കളെ മർദിച്ചതായി പരാതി.വെള്ളനാട് സ്റ്റേഡിയത്തിന് സമീപം ദേവിവിഹാറിൽ മനു (23), സുഹൃത്ത് റോഡരികത്ത് വീട്ടിൽ വിഷ്ണു (23) എന്നിവർക്കാണ് മർദനമേറ്റത്.യുവാക്കൾ വെള്ളനാട് സ്റ്റേഡിയത്തിന് സമീപത്തുളള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കുമ്പോളായിരുന്നു അക്രമം.

രാത്രിയിൽ കാട്ടാക്കടയിലെ തിയേറ്ററിൽ സിനിമയ്ക്ക് പോയി തിരികെ വീട്ടിലേക്ക് പോകാൻ മിനിനഗറിലെ കാത്തിരിപ്പു കേന്ദ്രത്തിൽ എത്തിയതായിരുന്നു യുവാക്കൾ. ബൈക്കിലെത്തിയ രണ്ടുപേർ ഇവരെ ചോദ്യം ചെയ്യുകയും കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിലേക്ക് പോകണം എന്ന് പറ‍ഞ്ഞ് ബലമായി ബൈക്കിൽ പിടിച്ചു കയറ്റി കൊണ്ടു പോകുകയായിരുന്നു. പൂവച്ചലിൽനിന്ന് കാപ്പിക്കാട്ട്‌ പോകുന്ന റോഡിലൂടെ സഞ്ചരിച്ച ഇവർ യുവാക്കളെ ഒരു പുരയിടത്തിൽ കയറ്റി ക്രൂരമായി മർദിച്ചതായി പരാതിയിൽ പറയുന്നു. കൈകൊണ്ടും ഇടിവള ഉപയോഗിച്ചുമാണ് മർദിച്ചത്.ഇവരുടെ കൈവശം കത്തി ഉണ്ടായിരുന്നതായും യുവാക്കൾ പറഞ്ഞു.

മർദനത്തിൽ ഇരുവരുടെയും കൈകൾക്ക് പൊട്ടലും ശരീരമാസകലം പരിക്കുമുണ്ട്. ഇവരുടെ മൊബൈൽ ഫോണുകളും അക്രമികൾ കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി വിവരമുണ്ട്.
Previous Post Next Post