പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം: പൊലീസുകാരന് സസ്പെൻഷൻ

തൃശൂര്‍: തൃശൂര്‍ രാമവർമപുരം കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. അക്കാദമിയിലെ ആംഡ് റിസർവ് ഇൻസ്പെക്ടർ കെ പ്രേമനെ ആണ് അക്കാദമി ഡയറക്ടർ എ ഡി ജി പി പി വിജയൻ സസ്‌പെൻഡ് ചെയ്തത്. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വിയ്യൂർ പൊലീസും പ്രേമനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തി.

ഈ മാസം 18നും 22നുമാണ് ഉദ്യോഗസ്ഥനിൽ നിന്നും അതിക്രമം നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. ഓഫീസിലേക്ക് വിളിച്ച് വരുത്തിയശേഷം ലൈംഗിക താത്പര്യത്തോടെ സംസാരിച്ചു. പിന്നീട് തൊട്ടടുത്ത ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. താല്‍പ്പര്യമില്ലെന്ന് അറിയിച്ചിട്ടും മോശമായി പെരുമാറിയെന്നാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരാതി.

വീട്ടിലേക്ക് മടങ്ങിയ ഉദ്യോഗസ്ഥ ബന്ധുക്കളോടും സുഹൃത്തുക്കളോടും ആലോചിച്ച ശേഷമാണ് അക്കാദമി ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി വേണമെന്നും അക്കാദമിയിൽ തുടരാനാകില്ലെന്നും മാനസികമായി ഏറെ പ്രയാസത്തിലാണെന്നും ഉദ്യോഗസ്ഥ ഡയറക്ടറെ നേരിട്ട് പരാതിയായി അറിയിച്ചിരുന്നു. പിന്നാലെയാണ് ഡയറക്ടര്‍ ആഭ്യന്തര സമിതിക്ക് അന്വേഷണം കൈമാറിയത്..

പരാതി വന്നതിന് പിന്നാലെ ചുമതലകളിൽ നിന്നും മാറ്റി നിര്‍ത്തിയ ഉദ്യോഗസ്ഥനെതിരെയുള്ള നടപടികളിലേക്ക് കടക്കാൻ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയായിരുന്നു. പരാതിയിൽ വസ്തുതയുണ്ടെന്ന് ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തി. പൊലീസ് അന്വേഷണത്തിന് സമിതി ശുപാർശയും ചെയ്തിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്തത്. സസ്പെന്‍ഷന് പുറമെ വകുപ്പ് തല നടപടിയും പിന്നാലെയുണ്ടാവും.


Previous Post Next Post