തെരുവുനായ ശല്യം നേരിടാൻ കോട്ടയം മെഡിക്കൽ കോളേജിന് സമീപം പാലക്കാട് മോഡൽ ഷെൽട്ടർ പണിയും


ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിനും മൃഗസംരക്ഷണ വകുപ്പിനും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദ്ദേശം നൽകി. മൃഗസ്‌നേഹിയായ പ്രദീപ് പയ്യൂർ പാലക്കാട്ട് സ്ഥാപിച്ചിട്ടുള്ള ഷെൽട്ടർ മാതൃകയിലാവും കോട്ടയം മെഡിക്കൽ കോളേജിനു സമീപവും സ്ഥാപിക്കുക എന്നാണ് അറിയുന്നത്.

ഈയിടെ കോട്ടയം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ആറു വിദ്യാർത്ഥികൾക്ക് നായ്ക്കൾ കടിയേറ്റിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് തെരുവുനായ് സംരക്ഷണ പദ്ധതി തയ്യാറാക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിനോട് ചേർന്നുള്ള ശ്മശാനത്തിന് സമീപമാണ് ഈ സ്ഥലം കണ്ടെത്തുക. ജനവാസ മേഖല അല്ലാത്തതിനാൽ എതിർപ്പുമുണ്ടാകില്ലെന്നാണ് പ്രതീക്ഷ.

50 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ആർപ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകൾക്ക് സ്വന്തം നിലയ്ക്ക് ഇത്രയും തുക ചെലവഴിക്കാൻ കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത് . ഇതിനാൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സഹായം കൂടി തേടും. ഓരോ പഞ്ചായത്തും എബിസി പദ്ധതി പ്രകാരം മൂന്ന് മുതൽ 5 ലക്ഷം സാധാരണ നിലയിൽ ബഡ്ജറ്റ് വിഹിതമായി വകയിരുത്തുക.

Previous Post Next Post